ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്ന് അഖിലേഷ് യാദവ്. മുലായാംസിംഗ് യാദവ് യു.പി മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം പറഞ്ഞു.

‘ മറ്റ് പാര്‍ട്ടികളില്‍ നിന്നും പിന്തുണ തേടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നാണ് എനിക്ക് തോന്നുന്നത്. ഞങ്ങള്‍ക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന കാര്യത്തില്‍ എനിക്ക് ആത്മവിശ്വാസമുണ്ട്.’ അഖിലേഷ് യാദവ് പറഞ്ഞു.

മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത് എം.എല്‍.എമാരാണ്. അത് എല്ലാവരും നേതാവായി കരുതുന്ന മുലായം സിംഗ് യാദവ് തന്നെ ആയിരിക്കുമെന്നാണ് കരുതുന്നതെന്നും അഖിലേഷ് പറഞ്ഞു. സമാജ്‌വാദി പാര്‍ട്ടിയുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കണമെന്ന കേന്ദ്രമന്ത്രി ബേനി പ്രസാദ് വര്‍മ്മയുടെ പരാമര്‍ശം ചൂണ്ടിക്കാട്ടിയപ്പോള്‍ അത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണെന്നും പാര്‍ട്ടി ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും അഖിലേഷ് പറഞ്ഞു.
നേരത്തെ അഖിലേഷ് മുഖ്യമന്ത്രിയായേക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. സമാജ്‌വാദി പാര്‍ട്ടി സംസ്ഥാനത്ത് അധികാരത്തിലെത്തുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു അഖിലേഷിന്റെ പ്രതികരണം. വിജയം ഉറപ്പിക്കാന്‍ വേണ്ടി ഏറെ കഠിനപ്രയത്‌നം നടത്തിയതായി അഖിലേഷ് യാദവ് പറഞ്ഞു.

Malayalam news

Kerala news in English