പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയനുമായി വേദി പങ്കിടാനാവില്ലെന്ന് കൂടംകുളം സമരനേതാവ് എസ്.പി ഉദയകുമാര്‍. അതുകൊണ്ട് തന്നെ തിരുവല്ലയില്‍ ഇന്ന് വൈകീട്ട് 4 മണിക്ക് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ നിന്നും താന്‍ വിട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.എം.ജെ ജോസഫിന്റെ 85 ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച പരിപാടിയില്‍ നിന്നാണ് ഉദയകുമാര്‍ വിട്ടുനില്‍ക്കുന്നത്.

പ്രസ്തുത പരിപാടിയില്‍ മണിപ്പൂര്‍സമരനായിക ഇറോം ശര്‍മ്മിള കൂടി പങ്കെടുക്കുന്ന സന്തോഷത്തിലായിരുന്നു താനെന്നും എന്നാല്‍ ഒരു മനുഷ്യനെന്ന നിലയ്ക്ക് ഇന്ത്യയിലെ ഒരു വ്യക്തിയെന്ന നിലയ്ക്ക് രണ്ട് ആണ്‍കുട്ടികളുടെ അച്ഛനെന്ന നിലയ്ക്ക് ഇന്നത്തെ സാഹചര്യത്തില്‍ പിണറായിക്കൊപ്പം വേദി പങ്കിടാന്‍ തനിക്ക് സാധിക്കില്ലെന്ന് ഉദയകുമാര്‍ പറയുന്നു.

പാമ്പാടി നെഹ്‌റു കോളേജിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയുടെ ദാരുണാന്ത്യത്തിന് ഉത്തവാദികളായവര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ താന്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണ്.

വൈസ് പ്രിന്‍സിപ്പലിന്റെ റൂമില്‍ വെച്ച് ജിഷ്ണു ക്രൂരമര്‍ദ്ദനത്തിന് ഇരയായെന്നാണ് ജിഷ്ണുവിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നത്. പ്രത്യേക അന്വേഷണവിഭാഗം ആ മുറിയില്‍ രക്തം കണ്ടതുമാണ്. മരണത്തിന് മുന്‍പ് ജിഷ്ണുവിന് മര്‍ദ്ദനമേറ്റതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമായിരുന്നു. ഈയൊരു നിലയില്‍ ഒരു വിദ്യാഭ്യാസസ്ഥാപനം പ്രവര്‍ത്തിക്കുമോ?

നമ്മുടെ രാജ്യത്തെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ അരങ്ങേറുന്ന ഇത്തരം ഫാസിസത്തെ നമ്മള്‍ അംഗീകരിക്കണമോ? സ്‌കൂളും കോളേജും ഒരിക്കലും ജയിലറകള്‍ ആകരുത്. തന്റെ മകന്റെ നീതിക്കായി പൊലീസ് ആസ്ഥാനത്ത് എത്തിയ ജിഷ്ണുവിന്റെ അമ്മ മഹിജയേയും ബന്ധുക്കളേയും പൊലീസ് ക്രൂരമായി മര്‍ദ്ദിക്കുകയും അവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഒരു മകന്‍ നഷ്ടമായ അമ്മയോടെ ഇത്രയേറെ ക്രൂരമായാണോ പെരുമാറേണ്ടത്? കേസിലെ പ്രധാനപ്രതിയായ നെഹ്‌റു കോളേജ് ചെയര്‍മാന്‍ കൃഷ്ണദാസ് ഇപ്പോഴും മുന്‍കൂര്‍ ജാമ്യം നേടി കഴിയുന്നു. ഇതെല്ലാം വളരെ ദു:ഖകരവും അതിലേറെ ദുരന്തവുമാണെന്നും ഉദകുമാര്‍ പറയുന്നു.


Dont Miss സ്ത്രീകള്‍ക്കെതിരായ അക്രമം വര്‍ദ്ധിക്കാനുള്ള കാരണം സിനിമകള്‍: മനേകാഗാന്ധി


ഇതിനൊപ്പം തന്നെ കഴിഞ്ഞ ദിവസം ആലപ്പുഴയിലെ ചേര്‍ത്തലയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയായ അനന്ദു ക്രൂരമായി കൊല്ലപ്പെട്ടിരിക്കുന്നു. ക്രിമിനല്‍വത്ക്കരിക്കപ്പെടുന്ന കേരള സമൂഹത്തെയാണ് ഇത്തരം സംഭവങ്ങളിലൂടെ നമ്മള്‍ കാണുന്നത്. ഈ ഒരു സാഹചര്യത്തില്‍ മനസമാധാനത്തോടെ മുഖ്യമന്ത്രി പിണറായി വിജയന് സമീപമിരിക്കാന്‍ എന്റെ മനസാക്ഷി അനുവദിക്കില്ല.

അതുകൊണ്ട് തന്നെ ഇന്ന് വൈകീട്ട് തിരുവല്ലയില്‍ നടക്കാനിരുന്ന പരിപാടിയില്‍ നിന്നും ഞാന്‍ വിട്ടുനില്‍ക്കുകയാണ്. പരിപാടിയുടെ സംഘാടകരോട് ഞാന്‍ ക്ഷമ ചോദിക്കുകയാണെന്നും ഉദയകുമാര്‍ പറയുന്നു.

കേരളത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളും വിദ്യാര്‍ത്ഥികള്‍ക്കെതിരായ അക്രമപരമ്പരകളും സര്‍ക്കാരിനും മുഖ്യമന്ത്രിക്കും നാണക്കേടാണ്. അതുകൊണ്ട് തന്നെ എത്രയും പെട്ടെന്ന് കേരളത്തിലെ രാഷ്ട്രീയകൊലപാതകളും വിദ്യാര്‍ത്ഥികള്‍ക്കെതിരായ അതിക്രമങ്ങളും അവസാനിപ്പിച്ചേ തീരൂവെന്നും ഉദയകുമാര്‍ പറയുന്നു.