കൊച്ചി: നടിയ്‌ക്കെതിരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ ചോദ്യം ചെയ്തിട്ടില്ലെന്ന് ആലുവ എസ്.പി . കേസുമായി ബന്ധപ്പെട്ട് ആലുവയിലെ ഒരു പ്രമുഖ നടനെ പൊലീസ് ചോദ്യം ചെയ്തുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി എസ്.പി രംഗത്തെത്തിയിരിക്കുന്നത്.

കേസ് നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ടെന്നും എസ്.പി എ.വി ജോര്‍ജ് അറിയിച്ചു.

നേരത്തെ ഈ റിപ്പോര്‍ട്ട് തള്ളി നടന്‍ ദിലീപും രംഗത്തെത്തിയിരുന്നു. നടിക്കെതിരായ ആക്രമണത്തിന്റെ പേരില്‍ പേര് പറഞ്ഞും അല്ലാതെയും ആയി തന്നെ ന്നെ ലക്ഷ്യമാക്കി ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും അവര്‍ക്കൊപ്പം ‘ചില’ പത്രങ്ങളും ചേര്‍ന്ന് ഇല്ലാക്കഥകള്‍ പടച്ചു വിടുകയാണെന്നായിരുന്നു ദിലീപ് പറഞ്ഞത്.

കേസുമായി ബന്ധപ്പെട്ട് തന്നെയാരും ചോദ്യം ചെയ്തിട്ടില്ലെന്നും ഫോണില്‍ പോലും ബന്ധപ്പെട്ടിട്ടില്ലെന്നും ദിലീപ് വ്യക്തമാക്കിയിരുന്നു. ‘ആലുവയിലെ ഒരു പ്രമുഖ നടനെ’ ഈ കേസുമായി ബന്ധപെട്ടു പോലീസ് ചോദ്യം ചെയ്തുവത്രേ.

തെറ്റിദ്ധാരണ പരത്തുന്നതും പുകമറ സൃഷ്ടിക്കുന്നതുമായ ഈ വാര്‍ത്ത വായിച്ചു അത് വിശ്വസിക്കുന്നവരോട് ആലുവയിലെ സ്ഥിര താമസ്സക്കാരന്‍ ആയ നടന്‍ എന്ന നിലയില്‍ പറയട്ടെ, ആ നടന്‍ ഞാനല്ല. എന്റെ വീട്ടില്‍ ഒരു പോലീസുകാരനും മഫ്തിയിലോ അല്ലാതെയോ വന്നിട്ടില്ല, ഫോണില്‍ പോലും ബന്ധപ്പെട്ടിട്ടില്ല എന്ന് മാത്രമല്ല എന്റെ അറിവില്‍ ആലുവയിലെ മറ്റൊരു നടന്റെയും വീട്ടിലും പോലീസ് ഇത് വരെ അന്വേഷിച്ചിട്ടില്ല എന്ന് ഞാന്‍ ഉറപ്പിച്ചു പറയുന്നു. ഇനി ഈ വാര്‍ത്തയുടെ നിജസ്ഥിതി തെളിയിക്കേണ്ടത് വാര്‍ത്ത പടച്ചു വിട്ടവരാണ്.’ എന്നാണ് ദിലീപ് പറഞ്ഞത്.