ക്രഡിറ്റ് റേറ്റിംഗ് ഏജന്‍സി സ്റ്റാന്റേര്‍ഡ് ആന്റ് പുവര്‍ ഇന്ത്യയുടെ ക്രഡിറ്റ് റേറ്റിംഗ് താഴ്ത്തി. സ്റ്റേബിളില്‍ നിന്നും നെഗറ്റീവിലേക്കാണഅ ക്രെഡിറ്റ് റേറ്റിംഗ് താഴ്ത്തിയത്.

സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഇന്ത്യയുടെ സാമ്പത്തിക നിലയില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നും ജി.ഡി.പി വളര്‍ച്ച 5.3 ആയി താഴ്ന്നുവെന്നും എസ് ആന്റ് പി വിലയിരുത്തുന്നു. ഏഴ് ശതമാനം ജി.ഡി.പി വളര്‍ച്ചയാണ് ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്.

ധനകമ്മി 3.9% ആയി കുറയ്ക്കുകയെന്ന ഇന്ത്യയുടെ ലക്ഷ്യം നേടാനാവാത്തതാണെന്നും എസ്.ആന്റ് പി വിലയിരുത്തി. റേറ്റിംഗ് താഴ്ത്തിയെന്ന വാര്‍ത്ത വന്നതോടെ ഓഹരി വിപണി 100 പോയിന്റോളം ഇടിഞ്ഞിരുന്നു.

അതേസമയം റേറ്റിംഗ് താഴ്ത്തിയതില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. കൃത്യമായ ഇടവേളകളില്‍ എസ് ആന്റ് പി നല്‍കാറുള്ള മുന്നറിയിപ്പിന്റെ ഭാഗമാണിത്. രാജ്യത്തെ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ വൈകിയ അവസ്ഥയാണെങ്കിലും അടുത്തു തന്നെ ഇത് മറികടക്കാവുന്നതേയുള്ളൂ. സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പില്‍ വരുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പ്രണബ് പറഞ്ഞു.

നടപ്പു സാമ്പത്തിക വര്‍ഷം ഏഴു ശതമാനം വളര്‍ച്ച കൈവരിക്കാന്‍ രാജ്യത്തിന് കഴിയും. ധനകമ്മി 5.1 ശതമാനം ആയി നിര്‍ത്താനും കഴിയുമെന്ന പ്രതീക്ഷയാണ് സര്‍ക്കാരിന് ഉള്ളതെന്നും പ്രണബ് പറഞ്ഞു.