ന്യൂയോര്‍ക്ക്: പ്രമുഖ അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ‘സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവറി’ന്റെ പ്രസിഡന്റ് ദേവന്‍ ശര്‍മ രാജിവെച്ചു. കാലാവധി ഒരു വര്‍ഷം കൂടി അവശേഷിക്കേയാണ് ഇന്ത്യന്‍ വംശജനായ ശര്‍മ്മയുടെ രാജി. അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിംഗ് ‘എഎഎ’യില്‍നിന്ന് തൊട്ടടുത്ത ‘എഎ പ്ലസി’ലേക്ക് താഴ്ത്തിയതിലൂടെ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ അടുത്തിടെ വാര്‍ത്ത സൃഷ്ടിച്ചിരുന്നു.

സിറ്റി ബാങ്കിന്റെ സി.ഇ.ഒയായ ഡഗ്ലസ് പീറ്റേഴ്‌സണ്‍ ആയിരിക്കും ദേവന്‍ ശര്‍മയുടെ പിന്‍ഗാമി. സെപ്റ്റംബര്‍ 12ന് പുതിയ മേധാവി ചുമതലയേല്‍ക്കും.

റേറ്റിംഗ് താഴ്ത്തിയ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവറിന്റെ നടപടിക്കെതിരെ യുഎസ് ഭരണകൂടം രംഗത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ദേവന്‍ ശര്‍മയുടെ രാജിയെന്നാണ് സൂചന. എന്നാല്‍ രാജിയുടെ കാരണത്തെപ്പറ്റി ഇതുവരെ ഔദ്യോഗിക വിശദീകരണമൊന്നുമില്ല.

2006 മുതല്‍ ശര്‍മ സ്റ്റാന്‍ഡേര്‍ഡ് ആന്റ് പുവറില്‍ ജോലി ചെയ്യുന്നുണ്ട്. 2006ല്‍ ശര്‍മ കമ്പനിയുടെ എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റായിരുന്നു. 2007ലാണ് പ്രസിഡന്റായി ചുമതലയേറ്റത്.