ലഖ്‌നൗ: യു.പി ഉപതെരഞ്ഞെടുപ്പിലെ ബി.ജെ.പി പരാജയത്തെ പരിഹസിച്ച് സമാജ് വാദി പാര്‍ട്ടി നേതാവ് രാം ഗോപാല്‍ യാദവ്. യു.പി.യിലെ ജനത സര്‍ക്കാരിനോടുള്ള അവിശ്വാസം ഏറ്റവും സ്പഷ്ടമായ രീതിയില്‍ തന്നെ വ്യക്തമാക്കിയിരിക്കുകയാണെന്നും അതാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്നും രാം ഗോപാല്‍ യാദവ് പറഞ്ഞു.

രാജ്യത്തെ മുഴുവന്‍ ജനങ്ങളേയും എന്തിന് എന്തിന് ദൈവത്തേ പോലും കേന്ദ്രസര്‍ക്കാര്‍ പറ്റിച്ചുകൊണ്ടിരിക്കുകയാണെന്ന് അവര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞെന്നും രാം ഗോപാല്‍ യാദവ് പറഞ്ഞു.

യു.പി ഉപതെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ തിരിച്ചടിയില്‍ ഞെട്ടല്‍ രേഖപ്പെടുത്തി ഉപമുഖ്യമന്ത്രി കെ.പി മൗര്യ രംഗത്തെത്തിയിരുന്നു. ഇത്രയും വലിയ രീതിയില്‍ ബി.എസ്.പി വോട്ടുകള്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ എത്തുമെന്ന് കരുതിയില്ലെന്നായിരുന്നു മൗര്യയുടെ പ്രതികരണം.


Also Read ഇത്രയും വലിയ തിരിച്ചടി പ്രതീക്ഷിച്ചില്ല; യു.പിയിലെ തെരഞ്ഞെടുപ്പ് ഫലം പരിശോധിക്കുമെന്ന് ഉപമുഖ്യമന്ത്രി കെ.പി മൗര്യ


അന്തിമ ഫലം വന്ന ശേഷം അത് പരിശോധിക്കുമെന്നും ഭാവിയില്‍ ബി.എസ്.പിയും എസ്.പി.യും കോണ്‍ഗ്രസും സഖ്യത്തിലേര്‍പ്പെട്ടാല്‍ അതിനെ എങ്ങനെ നേരിടണമെന്ന് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

യു.പിയില്‍ എസ്.പി- ബി.എസ്.പി സഖ്യത്തിന്റെ വിജയത്തില്‍ പ്രതികരണവുമായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുള്ളയും രംഗത്തെത്തിയിരുന്നു.

‘കഴിഞ്ഞദിവസത്തെ അത്താഴം കഴിഞ്ഞ് മടങ്ങവെ ബി.എസ്.പിയുടെ സതീഷ് മിശ്ര ജീ ഇന്നത്തെ വോട്ടെണ്ണലില്‍ ഒരു സര്‍പ്രൈസ് ഉണ്ടാവുമെന്ന് പറഞ്ഞിരുന്നെന്നും ട്രെന്റുകള്‍ കാണുമ്പോള്‍ അദ്ദേഹം പറഞ്ഞത് ശരിയാണെന്നു തോന്നുന്നു’ വെന്നുമാണ് ഉമര്‍ അബ്ദുള്ള ട്വിറ്ററിലൂടെ പ്രതികരിച്ചത്.