കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപിനെ അനുകൂലിച്ച് സൗത്ത് ലൈവ് ചീഫ് എഡിറ്റര്‍ സെബാസ്റ്റ്യന്‍ പോള്‍ എഴുതിയ ലേഖനത്തോട് വിയോജിപ്പ് രേഖപ്പെടുത്തിയ സൗത്ത് ലൈവിലെ മാധ്യമപ്രവര്‍ത്തകരോട് പിരിഞ്ഞുപോകാന്‍ മാനേജ്‌മെന്റ് നിര്‍ദേശം. സെബാസ്റ്റിയന്‍ പോളിന്റെ ലേഖനത്തോട് ഫേസ്ബുക്കിലൂടെ പരസ്യമായി വിയോജിപ്പ് രേഖപ്പെടുത്തിയവരോടാണ് മാനേജ്‌മെന്റ് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

എഡിറ്റോറിയല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന ശേഷം മാനേജ്‌മെന്റ് ഡയറക്ടര്‍ സാജ് കുര്യന്‍, സി.ഇ.ഒ ജോഷി എന്നിവരാണ് മാധ്യമപ്രവര്‍ത്തകരെ ഇക്കാര്യം അറിയിച്ചത്.

സെബാസ്റ്റിയന്‍ പോളിന്റെ ലേഖനം സൗത്ത് ലൈവിന്റെ നിലപാടാണെന്നും ഇക്കാര്യത്തില്‍ സ്ഥാപനം ചീഫ് എഡിറ്റര്‍ സെബാസ്റ്റ്യന്‍ പോളിനൊപ്പമാണെന്നും മാനേജ്‌മെന്റ ഔദ്യോഗികമായി ജീവനക്കാരുടെ യോഗം വിളിച്ച് അറിയിക്കുകയായിരുന്നു.


Related News: ദിലീപിനെ ന്യായീകരിച്ച് സെബാസ്റ്റ്യന്‍ പോളിന്റെ ലേഖനം; വിയോജനക്കുറിപ്പുമായി സൗത്ത്‌ലൈവിലെ മാധ്യമപ്രവര്‍ത്തകര്‍


എന്നാല്‍ ലേഖനത്തോട് വിയോജിപ്പ് തുടരുന്നുവെന്നും സ്ഥാപനത്തിന്റെ നിലപാട് മാറ്റത്തില്‍ എതിര്‍പ്പുണ്ടെന്നും എഡിറ്റോറിയല്‍ യോഗത്തില്‍ പങ്കെടുത്ത 16 മാധ്യമപ്രവര്‍ത്തകരും അഭിപ്രായപ്പെട്ടു.

ഇതോടെ നിലപാട് അംഗീകരിക്കാത്തവര്‍ സ്ഥാപനത്തില്‍ തുടരേണ്ടതില്ല എന്ന സമീപനം മാനേജ്‌മെന്റ് സ്വീകരിക്കുകയായിരുന്നു. പിരിഞ്ഞുപോകാനുള്ള നിര്‍ദേശം രേഖാമൂലം അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം യോഗത്തിനു പിന്നാലെ മാനേജ്‌മെന്റ് നിലപാട് അംഗീകരിക്കാന്‍ തങ്ങള്‍ തയ്യാറല്ല എന്ന് വ്യക്തമാക്കി സൗത്ത് ലൈവിലെ ഭൂരിഭാഗം മാധ്യമപ്രവര്‍ത്തകരും രംഗത്തുവന്നിട്ടുണ്ട്. എന്‍.കെ ഭൂപേഷ്, പി. സത്യരാജ്, മനീഷ് നാരായണന്‍, രഞ്ജിമ ആര്‍, നിര്‍മല്‍ സുധാകരന്‍, സികേഷ് ഗോപിനാഥ്, അജ്മല്‍ ആരാമം, ശ്യാമ സദാനന്ദന്‍, എയ്ഞ്ചല്‍ മേരി മാത്യു, ആല്‍ബിന്‍ എം.യു, ശ്രിന്‍ഷ രാമകൃഷ്ണന്‍, റെയ്ക്കാഡ് അപ്പു ജോര്‍ജ്, നിര്‍മ്മലാ ബാബു, നിസാം ചെമ്മാട് എന്നിവരാണ് മാനേജ്‌മെന്റ് നിലപാടിനോടുള്ള വിയോജിപ്പ് ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.

ആക്രമിക്കപ്പെട്ട നടിയെ പിന്തുണയ്ക്കുന്നതിനു പകരം കുറ്റാരോപിതന്റെ മനുഷ്യാവകാശമാണ് ഉയര്‍ത്തിപ്പിടിക്കേണ്ടതെന്ന എഡിറ്റോറയല്‍ നയംമാറ്റത്തോട് അതിശക്തമായി വിയോജിക്കുന്നതായി മാനേജ്‌മെന്റിനെ തങ്ങള്‍ അറിയിച്ചെന്ന് വിയോജനക്കുറിപ്പില്‍ ഇവര്‍ പറയുന്നു.

സൗത്ത് ലൈവിന്റെ നിലപാട് വിശദീകരിച്ച് അഴിമുഖത്തിന് നല്‍കിയ അഭിമുഖത്തില്‍ സഹപ്രവര്‍ത്തകരുടെ ആത്മാഭിമാനം ചോദ്യം ചെയ്യുന്ന തരത്തില്‍ നടത്തിയ പരാമര്‍ശങ്ങളോടുള്ള വിയോജിപ്പും അറിയിച്ചു. എക്‌സിക്യുട്ടീവ് എഡിറ്റര്‍ എന്‍.കെ ഭൂപേഷ്, സീനിയര്‍ എഡിറ്റര്‍ സി.പി. സത്യരാജ്, അസോസിയേറ്റ് എഡിറ്റര്‍ മനീഷ് നാരായണന്‍ എന്നിവര്‍ സൗത്ത് ലൈവ് എന്ന മാധ്യമത്തിന്റെ വിശ്വാസ്യത ഇല്ലാതാക്കുന്ന നടപടിയെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സെബാസ്റ്റിയന്‍ പോളിന്റെ മനുഷ്യത്വ വിരുദ്ധമായ നിലപാട് സ്ഥാപനത്തിന്റെ നിലപാടാണെന്ന് മാനേജ്‌മെന്റ് ആവര്‍ത്തിക്കുകയാണുണ്ടായതെന്നും വിയോജനക്കുറിപ്പില്‍ ഇവര്‍ പറയുന്നു.

സെപ്റ്റംബര്‍ 10ന് സൗത്ത് ലൈവ് പ്രസിദ്ധീകരിച്ച ‘സഹാനുഭൂതി കുറ്റമല്ല, ദിലീപിനുവേണ്ടിയും ചോദ്യങ്ങള്‍ ഉണ്ടാകണം’ എന്ന തലക്കെട്ടിലുള്ള സെബാസ്റ്റിയന്‍ പോളിന്റെ ലേഖനമാണ് വിവാദമായിരിക്കുന്നത്. ലേഖനത്തോട് വിയോജിപ്പ് അറിയിച്ചുകൊണ്ട് സൗത്ത് ലൈവിലെ മാധ്യമപ്രവര്‍ത്തകര്‍ ഫേസ്ബുക്കിലൂടെ നേരത്തെ തന്നെ രംഗത്തുവന്നിരുന്നു. സെബാസ്റ്റ്യന്‍ പോളിന്റെ ലേഖനം മാനേജ്‌മെന്റ് സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പ്രസിദ്ധീകരിച്ചതെന്നും ലേഖനത്തിലെ നിലപാട് സൗത്ത് ലൈവിന്റേതല്ലെന്നുമാണ് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞത്. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് തങ്ങളെന്നും സൗത്ത് ലൈവിലെ മാധ്യമപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

ഇതിനു പിന്നാലെ അഴിമുഖത്തിന് നല്‍കിയ അഭിമുഖത്തില്‍ ചീഫ് എഡിറ്റര്‍മാരോട്‌ വിയോജിപ്പുണ്ടെങ്കില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പിരിഞ്ഞുപോകാമെന്ന് സെബാസ്റ്റിയന്‍പോള്‍ തുറന്നടിച്ചിരുന്നു. ‘അവരൊന്നും സൗജന്യമായി പ്രവര്‍ത്തിക്കുന്നയാളുകളല്ല, കേരളത്തിലെ പൊതുനിലവാരമനുസരിച്ച് അവര്‍ക്ക് കിട്ടാവുന്നതിന്റെ അപ്പുറത്താണ് ഞങ്ങള്‍ കൊടുക്കുന്ന വേതനവും ആനുകൂല്യങ്ങളും’ എന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞിരുന്നു. ഇത്തരം പരാമര്‍ശങ്ങള്‍ സൗത്ത് ലൈവിലെ മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിക്കലാണെന്നാണ് മാധ്യമപ്രവര്‍ത്തകര്‍ പറയുന്നത്.