മിര്‍പൂര്‍: ദക്ഷിണാഫ്രിക്കയെ ലോകകപ്പ് ദൂര്‍ഭൂതം വീണ്ടും പിടികൂടി. ന്യൂസിലാന്‍ഡിനോട് 49 റണ്‍സിന് തോറ്റതോടെയാണ് ‘ചോക്കേര്‍സ്’ എന്ന പദവി പേറിനടക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് വീണ്ടും ദുര്യോഗമുണ്ടായത്. സ്‌കോര്‍: ന്യൂസിലാന്‍ഡ്. 8/221. ദക്ഷിണാഫ്രിക്ക 172. നാലുവിക്കറ്റെടുത്ത ജേക്കബ് ഓറമാണ് കളിയിലെ താരം.

കിവീസിനെ ഒതുക്കി ദക്ഷിണാഫ്രിക്കന്‍ ബൗളിംഗ്
ആദ്യം ബാറ്റ് ചെയ്ത കിവീസിനെ 221 റണ്‍സിന് ഒതുക്കിയപ്പോഴേ ദക്ഷിണാഫ്രിക്ക വിജയം മണത്തിരുന്നു. മികച്ച അച്ചടക്കത്തോടെ പന്തെറിഞ്ഞ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ കിവീ ബാറ്റ്‌സ്മാന്‍മാര്‍ക്ക് അധികം സ്വാതന്ത്ര്യം നല്‍കിയില്ല. 83 റണ്‍സെടുത്ത റെയ്ഡറും 43 റണ്‍സെടുത്ത ടെയ്‌ലറും 38 റണ്‍സെടുത്ത വില്യംസണും കിവീസിനായി പൊരുതി.

ഓപ്പണര്‍മാരായ ഗുപ്റ്റിലും മക്കുല്ലവും അമ്പേ പരാജയപ്പെട്ടതും സ്‌കോര്‍ നിരക്ക് കുറയാനിടയാക്കി. ദക്ഷിണാഫ്രിക്കയ്ക്കായി മോര്‍ക്കല്‍ മൂന്നും സ്‌റ്റെയന്‍, ഇമ്രാന്‍ തഹിര്‍ എന്നിവര്‍ രണ്ടും വിക്കറ്റും വീഴ്ത്തി.

ബൗളിംഗിലും ഫീല്‍ഡിംഗിലും മികച്ച് കിവീസ്
222 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക വിജയം ഉറപ്പിച്ചിരുന്നു. മികച്ച തുടക്കവും അവര്‍ക്ക് ലഭിച്ചു. എന്നാല്‍ ബ്ലാക്ക് ക്യാപ്‌സുകാര്‍ തീരുമാനിച്ചത് മറ്റൊന്നായിരുന്നു. ഫീല്‍ഡിംഗിലും ബൗളിംഗിലും മികച്ച പ്രകടനം നടത്തിയതോടെ ദക്ഷിണാഫ്രിക്ക അപകടനം മണത്തു. 69 റണ്‍സിനിടെ രണ്ടുവിക്കറ്റ് വീണെങ്കിലും കാലിസും (47) ഡിവില്ലിയേര്‍സും (35) ഒത്തുചേര്‍ന്നതോടെ ദക്ഷിണാഫ്രിക്ക വീണ്ടും പോരാട്ടപാതയില്‍ തിരിച്ചെത്തി.

എന്നാല്‍ സൗത്തിയുടെ പന്തില്‍ കാലിസും മികച്ച ഫീല്‍ഡിംഗിന്റെ ഫലമായി ഡിവില്ലിയേഴ്‌സും പുറത്തായതോടെ കളിയുടെ ഗതി മാറാന്‍ തുടങ്ങി. ഏക പ്രതീക്ഷയായിരുന്ന ഡുമിനി 3 റണ്‍സെടുത്ത് മടങ്ങിയതോടെ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം അവസാനിച്ചു. 36 റണ്‍സെടുത്ത ഡൂപ്ലെസിയുടെ പോരാട്ടവുംടീമിനെ വിജയത്തിലെത്തിച്ചില്ല.

പടിക്കല്‍ കലമുടക്കുന്നവരെന്ന പേര് വീണ്ടും പേറിക്കൊണ്ടാണ് ദക്ഷിണാഫ്രിക്ക ലോകകപ്പിനോട് വിടപറയുന്നത്. വിജയിക്കാനുള്ള ഘടകങ്ങളെല്ലാമുണ്ടായിരുന്നിട്ടും ജയിക്കാനാകാതെ ഒരു മടക്കം.