എഡിറ്റര്‍
എഡിറ്റര്‍
കൂടംകുളം പുകയുമ്പോഴും കൊറിയന്‍ ആണവ റിയാക്ടറുകള്‍ക്കായി മന്‍മോഹന്റെ നീക്കം
എഡിറ്റര്‍
Monday 26th March 2012 1:12pm

ന്യൂദല്‍ഹി: ആണവ നിലയങ്ങള്‍ക്കെതിരെ കൂടംകുളത്തടക്കം രാജ്യത്താകമാനം പ്രതിഷേധമിരമ്പുമ്പോള്‍ പുതിയ ആണവ റിയാക്ടറുകള്‍ പണിതു നല്‍കാമെന്ന് ഇന്ത്യക്ക് ദക്ഷിണ കൊറിയയുടെ വാഗ്ദാനം. പകരമായി ഇസ്രയേലിന്റെയും സ്വിറ്റ്‌സര്‍ലന്റിന്റെയുമെല്ലാം സാറ്റലൈറ്റുകള്‍ ലോഞ്ച് ചെയ്യുന്ന പോലെ തങ്ങളുടെ സാറ്റലൈറ്റുകള്‍ക്കും ഇന്ത്യയില്‍ നിന്നും ലോഞ്ചിംഗിന് അനുവദിക്കണമെന്നാണ് കൊറിയ ആവശ്യപ്പെടുന്നത്.

രണ്ടു ദിവസത്തെ ആണവ സുരക്ഷാ ഉച്ചകോടിയില്‍ സംബന്ധിക്കുന്നതിനും ഉഭയകക്ഷി ചര്‍ച്ചകള്‍ക്കുമായി എത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങുമായി ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ലി മ്യുങ് ബക്ക് നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യങ്ങള്‍ ഉരുത്തിരിഞ്ഞത്. ഇന്ത്യന്‍ ആണവോര്‍ജ രംഗത്ത് നിക്ഷേപം നടത്താനും കൊറിയന്‍ കമ്പനികള്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ഇന്ത്യയുടെ ബഹിരാകാശ വിക്ഷേപണ വാഹനങ്ങള്‍ വഴി കൊറിയയുടെ സാറ്റലൈറ്റുകള്‍ വിക്ഷേപിക്കാനുള്ള അനുമതി പ്രധാനമന്ത്രി നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ ബഹിരാകാശ മേഖലയില്‍ കൊറിയന്‍ ഉപഗ്രഹങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള സന്നദ്ധതയും ഇന്ത്യ അറിയിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയയില്‍ നിന്നുള്ള നിക്ഷേപത്തിന് ഇന്ത്യ മുന്‍ഗണന നല്‍കുന്നുവെന്നും ഒറീസ്സയിലെ പോസ്‌കോ മെഗാ സ്റ്റീല്‍ പ്ലാന്റ് പദ്ധതികളടക്കമുള്ളവയുമായി മുന്നോട്ട് പോകുമെന്നും കൂടിക്കാഴ്ചക്കു ശേഷം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു.

രാഷ്ട്രീയമായും സുരക്ഷാതലത്തിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാനും ഇന്ത്യയും ദക്ഷിണ കൊറിയയും തീരുമാനിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധം കഴിഞ്ഞ രണ്ടുകൊല്ലത്തിനിടെ 65 ശതമാനം വര്‍ധിച്ചിട്ടുണ്ട്. 2015ല്‍ 4,000 കോടി ഡോളറിന്റെ വാണിജ്യമാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്. കിഴക്കന്‍ ഏഷ്യ ഉച്ചകോടി നടത്തുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളും ഇരു രാജ്യങ്ങളും ചര്‍ച്ചചെയ്തു. ആണവ മേഖലയ്ക്കു പുറമെ ഇന്ത്യന്‍ പ്രതിരോധ വ്യവസായ രംഗത്തും കൊറിയന്‍ കമ്പനികള്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

കൊറിയയുമായുള്ള വ്യാപാര ബന്ധം മൂന്നു വര്‍ഷത്തിനകം ഇരട്ടിയാക്കാനാണ് ഇന്ത്യയുടെ പദ്ധതി. രാജ്യരക്ഷാതല ബന്ധങ്ങള്‍ക്കു ശക്തിപകരാന്‍ ഒരു സൈനിക ഉദ്യോഗസ്ഥനെ ഇന്ത്യന്‍ എംബസിയില്‍ അറ്റാഷെ തലത്തില്‍ ഈ വര്‍ഷം തന്നെ നിയമിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ശനിയാഴ്ചയാണ് മന്‍മോഹന്‍ സിംങ് ദക്ഷിണ കൊറിയയില്‍ എത്തിയത്.

Malayalam News

Kerala News in English

Advertisement