മൊഹാലി: തുടര്‍ച്ചയായ രണ്ടാം മല്‍സരവും ജയിച്ച് ദക്ഷിണാഫ്രിക്ക ലോകകപ്പ് കിരീടപ്രതീക്ഷകള്‍ സജീവമാക്കി നിലനിര്‍ത്തി. അട്ടിമറി മോഹവുമായിറങ്ങിയ ഹോളണ്ടിനെ 231 റണ്‍സെന്ന കൂറ്റന്‍ മാര്‍ജിനിലാണ് ദക്ഷിണാഫ്രിക്ക തകര്‍ത്തത്. സ്‌കോര്‍: 5/351 ഹോളണ്ട് 120 എബി ഡിവില്ലിയേഴ്‌സാണ് കളിയിലെ താരം.

ഹഷിം ആംല (113), എ.ബി ഡിവില്ലിയേഴ്‌സ് (134) എന്നിവരുടെ സെഞ്ച്വറിയാണ് ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സിന്റെ സവിശേഷത. ആംലയും ഡിവില്ലിയേഴ്‌സും ചേര്‍ന്ന് മൂന്നാംവിക്കറ്റില്‍ 221 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും സെഞ്ച്വറി നേടിയ ഡിവില്ലിയേഴ്‌സ് ടൂര്‍ണമെന്റില്‍ തന്റെ മികച്ച ഫോം തുടരുകയാണ്.

മറുപടിയായി ഹോളണ്ടിന് മോശം തുടക്കമാണ് ലഭിച്ചത്. ഓപ്പണര്‍മാരെ കാലിസ് വേഗത്തില്‍ പവലിയനിലെത്തിച്ചു. സ്പിന്നര്‍ ഇമ്രാന്‍ തഹിര്‍ തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും മൂന്നുവിക്കറ്റ് വീഴ്ത്തി. സ്റ്റെയ്ന്‍ രണ്ടുവിക്കറ്റും ഡുമിനി ഒരുവിക്കറ്റും വീഴ്ത്തി. 44 റണ്‍സെടുത്ത ബരേസി മാത്രമാണ് അല്‍പ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം നടത്തിയത്.