ബെനോനി: സിംബാവെക്കെതിരായ അവസാന ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക റെക്കോര്‍ഡ് വിജയം നേടി. വില്ലിമോര്‍ പാര്‍ക്കില്‍ നടന്ന മൂന്നാംഏകദിനത്തില്‍ 272 റണ്‍സിന്റെ റെക്കോര്‍ഡ് മാര്‍ജിനിലാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും മികച്ച വിജയമാണിത്.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റിന് 399 റണ്‍സ് നേടിയിരുന്നു. ഡുമിനി 129, ഡിവില്ലേഴ്‌സ് 109 എന്നിവര്‍ മികച്ച ബാറ്റിംഗ് കാഴ്ച്ചവെച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‌വേയ്ക്ക് 127 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. ഏഴു ബാറ്റ്‌സ്മാന്‍മാര്‍ ഇരട്ടസംഖ്യ കാണാതെ പുറത്തായി. ഡുമിനി മല്‍സരത്തിലെ താരമായും ഡിവില്ലിയേഴ്‌സിനെ പരമ്പരയിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടു.