മരിക്കാന: ചെറിയ ഇടവേളക്ക് ശേഷം ദക്ഷിണാഫ്രിക്കയിലെ മരിക്കാനയില്‍ വീണ്ടും ഖനി തൊഴിലാളികളുടെ പ്രക്ഷോഭം. 10,000ത്തോളം തൊഴിലാളികളാണ് തിങ്കളാഴ്ച സ്വര്‍ണഖനി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ച് സമരം നടത്തിയത്.

കഴിഞ്ഞമാസം പ്രക്ഷോഭകര്‍ക്ക് നേരെ പോലീസ് ക്രൂരമായ വെടിവെപ്പ് നടത്തിയതിന് ശേഷം ഇവിടെ സമരം നടന്നിരുന്നില്ല. രാജ്യത്തെ ഖനി തൊഴിലാളികളുടെ സംഘടനകളിലൊന്നായ അസോസിയേഷന്‍ ഓഫ് മൈന്‍വര്‍ക്കേഴ്‌സ് ആന്റ് കണ്‍സ്ട്രക്ഷന്റെ നേതൃത്വത്തിലാണ് പ്രക്ഷോഭം നടന്നത്.

Ads By Google

Subscribe Us:

തൊഴിലാളികള്‍ക്ക് അവകാശപ്പെട്ട ശമ്പള വര്‍ധനവ് നടപ്പിലാക്കണമെന്നും ഈ വിഷയത്തില്‍ ഒരു വിട്ടുവീഴ്ചക്കും തങ്ങള്‍ തയ്യാറായിട്ടില്ലെന്നും എ.എം.സി.യു നേതാവ് വ്യക്തമാക്കി. പ്രകടനത്തില്‍ മൂവായിരത്തോളം പേര്‍ പങ്കെടുത്തു. പ്രക്ഷോഭം അക്രമാസക്തമായതായോ ഏറ്റുമുട്ടല്‍ നടന്നതായോ റിപ്പോര്‍ട്ടുകളില്ല.

ദക്ഷിണാഫ്രിക്കയിലെ ഖനി തൊഴിലാളികളുടെ സംഘടനയായ നാഷണല്‍ യൂണിയന്‍ ഓഫ് മൈന്‍ വര്‍ക്കേഴ്‌സ് മാരിക്കാനയിലെ ഖനി ഫാക്ടറി ഉടമകളുമായി ധാരണയിലെത്തിയതിന്റെ തൊട്ടുപിന്നാലെയാണ് പ്രതിഷേധ പ്രകടനം നടന്നത്. എന്‍.യു.എം തൊഴിലാളികളെ ഒറ്റിക്കൊടുക്കുകയാണെന്നും തൊഴിലാളികള്‍ക്കനുകൂലമായ നിലപാടെടുക്കുന്നതില്‍ എന്‍.യു.എം പരാജയപ്പെട്ടെന്നും എ.എം.സി.യു സംഘടനാ വക്താക്കള്‍ ആരോപിച്ചു. അതേസമയം തൊഴിലാളികളുടെ ആവശ്യം ഫാക്ടറി ഉടമകള്‍ പരിഗണിക്കാന്‍ തയ്യാറായിട്ടുണ്ടെന്നും സമരം നിര്‍ത്തിവെച്ച് ജോലിയില്‍ പ്രവേശിക്കാന്‍ തൊഴിലാളികള്‍ സന്നദ്ധരാകണമെന്നും എന്‍.യു.എം ജനറല്‍ സെക്രട്ടറി ഫ്രാന്‍സിസ് ബാലെനി ആവശ്യപ്പെട്ടു.

അതിനിടെ, തൊഴിലാളി സമരം പരാജയപ്പെടുത്താന്‍ ഖനി ഉടമകള്‍ തന്ത്രപരമായ നീക്കങ്ങളാണ് നടത്തിയതെന്ന് ആഫ്രിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഖനി തൊഴിലാളികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ പരസ്പരം ഏറ്റുമുട്ടലിലേക്ക് നീങ്ങുകയാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സമരവുമായി യോജിച്ച് പ്രവര്‍ത്തിക്കണമെന്നും ജോലിയില്‍ പ്രവേശിക്കരുതെന്നും തൊഴിലാളികളോട് എ.എം.സി.യു ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സമരം നിര്‍ത്തി തൊഴിലാളികള്‍ ജോലിയില്‍ പ്രവേശിക്കണമെന്ന കാര്യത്തില്‍ ഉറച്ച് നിന്ന് ഖനി ഉടമകള്‍ ഇപ്പോള്‍ നിലപാട് മയപ്പെടുത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞമാസമുണ്ടായ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ സഹപ്രവര്‍ത്തകരായ 270 തൊഴിലാളികള്‍ക്ക് മേല്‍ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു.