കൊല്‍ക്കത്ത: അട്ടിമറി വിപ്ലവത്തിനെത്തിയ അയര്‍ലന്റിനെ 131 റണ്‍സിന്റെ വമ്പന്‍ മാര്‍ജിനില്‍ തകര്‍ത്ത് ദക്ഷിണാഫ്രിക്ക ഗ്രൂപ്പ് ബി യില്‍ നിന്നും ക്വാര്‍ട്ടറിലെത്തുന്ന ആദ്യ ടീമായി. സെഞ്ച്വറിക്ക് ഒരു റണ്‍സ് അകലെവെച്ച് പുറത്തായെങ്കിലും ടീമിന് അടിത്തറ പാകിയ ഇന്നിംഗ്‌സ് കളിച്ച ഡുമിനിയാണ് കളിയിലെ താരം. സ്‌കോര്‍: ദക്ഷിണാഫ്രിക്ക 7/ 272, അയര്‍ലന്റ് 141

ആദ്യം ബാറ്റ്‌ചെയ്ത ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ചുകൊണ്ടാണ് അയര്‍ലന്റ് തുടങ്ങിയത്. ഒരു ഘട്ടത്തില്‍ 117ന് അഞ്ച് എന്ന നിലയില്‍ തകര്‍ച്ച നേരിടുന്ന സമയത്താണ് ഡുമിനിയും ഇന്‍ഗ്രാമും ക്രീസിലെത്തിയത്. തുടര്‍ന്ന് ആറാംവിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 87 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇന്‍ഗ്രാം 46 റണ്‍സ് നേടി. റണ്‍റേറ്റ് ഉയര്‍ത്താനുള്ള വ്യഗ്രതയില്‍ ഡുമിനി 99ന് പുറത്തായി.

300ലധികം ചേസ്‌ചെയ്ത ജയിച്ച പാരമ്പര്യമുള്ള അയര്‍ലന്റ് വീണ്ടും അട്ടിമറി സൃഷ്ടിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അത് നടന്നില്ല.ഐറിഷ് ടീമിലെ കളിക്കാര്‍ക്കാര്‍ക്കും മികച്ച ബാറ്റിംഗ് നടത്താനായില്ല. വില്‍സണ്‍ 31 മാത്രമാണ് അല്‍പ്പം മികച്ച പ്രകടനം നടത്തിയത്. ഒടുവില്‍ 33 ഓവറാകുമ്പോഴേക്കും 141 റണ്‍സിന് ഐറിഷ്‌പോരാട്ടം അവസാനിച്ചു. ദക്ഷിണാഫ്രിക്കയ്ക്കായി മൂന്നുവിക്കറ്റ് വീഴ്ത്തിയ മോര്‍ക്കല്‍ ബൗളിംഗില്‍ മികച്ചുനിന്നു.