കൊല്‍ക്കത്ത: ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തിന് ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങിനെ തിരിച്ചുവിളിച്ച സെലക്ടേഴ്‌സിന്റെ തീരുമാനം നൂറ് ശതമാനം ശരിയാണെന്ന് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി.

Ads By Google

ഭാജിയെ തിരിച്ചുവിളിച്ചത് നല്ല കാര്യമാണ്. എനിയ്ക്ക് അദ്ദേഹത്തിന്റെ കഴിവില്‍ നല്ല വിശ്വാസമുണ്ട്. എന്നാല്‍ ടീമിലെ പലര്‍ക്കും അദ്ദേഹത്തെ തിരിച്ചുവിളിക്കുന്നതിനോട് വലിയ യോജിപ്പില്ലെന്നാണ് തോന്നുന്നത്. ഗാംഗുലി പറഞ്ഞു.

ടീമില്‍ നിന്നും ഹര്‍ഭജന്‍ സിങ്ങിനെ ഒഴിവാക്കിയ തീരുമാനത്തെ കുറിച്ച് ചോദിച്ചപ്പോള്‍, മികച്ച ഫോമിലല്ലാത്തവരെ ടീമില്‍ നിന്നും മാറ്റി നിര്‍ത്തുന്നത് സ്വാഭാവികമാണെന്നും ഫോം തിരിച്ചെടുത്ത് അദ്ദേഹം കരുത്തോടെ ടീമിലേക്ക് മടങ്ങിവരുമെന്നാണ് കരുതുന്നതെന്നും ഗാംഗുലി പറഞ്ഞു.

ഓരോ അവസരവും ടീം എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നതിനെ ആശ്രയിച്ചാണ് വിജയപരാജയങ്ങള്‍ വരുന്നത്. പരമാവധി മത്സരത്തെ നേരിടാന്‍ ടീം സജ്ജരായിരിക്കുകയാണ് ആദ്യം വേണ്ടത്.

ഇംഗ്ലണ്ടിനെതിരെ നടന്ന പല മത്സരങ്ങളിലും ടീം നന്നായി കളിച്ചു. അതേ സ്പിരിറ്റോടെ തന്നെ ഓസ്‌ട്രേലിയയ്‌ക്കെതിരെയും കളിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും ഗാംഗുലി പറഞ്ഞു.