ഒടുവില്‍ ആരാധകരും എതിരാളികളും ടീം ഉടമകളും ചേര്‍ന്ന് ഗാംഗുലിയെ പുറത്താക്കിയിരിക്കുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും പിന്‍മാറിയിരുന്നെങ്കിലും ഐ.പി.എല്‍ അടക്കമുള്ള മത്സരങ്ങളില്‍ കളിക്കുവാനുള്ള ഭാഗ്യം കൊല്‍ക്കൊത്തയുടെ ഈ രാജകുമാരനുണ്ടായിരുന്നു. തന്റെ താല്‍പര്യം വ്യക്തമാക്കിയിട്ടും ഒരാളു പോലും തിരിഞ്ഞു നോക്കിയില്ല. ഏറെ വേദനയോടെയായിരിക്കും ദാദ കളി മതിയാക്കുന്നത്.

എതിര്‍ ടീം ക്യാപ്റ്റന്റെ ഹുങ്ക് തീര്‍ക്കുവാനായി ടോസിന് വേണ്ടി മനപ്പൂര്‍വ്വം വൈകിയെത്തിയ താരം, നാറ്റ് വെസ്റ്റ് ട്രോഫിയില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ വിജയത്തില്‍ ജഴ്‌സിയൂരി ആഘോഷിച്ച താരം. ധോണിയടക്കമുള്ള യുവ താരങ്ങള്‍ക്കായി കോച്ചിനോട് പോലും കലഹിച്ച താരം… അങ്ങിനെ നിരവധി വിശേഷണങ്ങളാണ് ഗാംഗുലിക്ക്.

തന്റെ ടീമായ കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി ഐ.പി.എല്ലില്‍ മികച്ച പ്രകടനമാണ് ദാദ നടത്തിയത്. ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങിയെന്ന് മാത്രമല്ല, ടീമിനെ മുന്നില്‍ നിന്ന് നയിക്കാനും ഗാംഗുലിക്ക് കഴിഞ്ഞു. മൂന്നാം ഐ.പി.എല്‍ സീസണില്‍ കാര്യമായ പ്രകടനമൊന്നും നടത്താനായില്ലെങ്കിലും നാലാം ഐ.പി.എല്‍ മോഹങ്ങളുമായി കാത്തിരിക്കുകയായിരുന്നു ദാദ. താന്‍ ടീമിലേക്ക് കൊണ്ടുവന്ന താരം(ഗൗതം ഗംഭീര്‍) റെക്കോഡ് തുകക്ക് ഫ്രാഞ്ചൈസികള്‍ക്ക് പ്രിയപ്പെട്ടവനായപ്പോള്‍ ദാദക്ക് വേണ്ടി പണമെറിയാന്‍ ആരുമുണ്ടായില്ല.

ദാദയില്ലെങ്കില്‍ കൊല്‍ക്കൊത്ത ടീമില്ല എന്നുവരെ പറഞ്ഞു. എന്നിട്ടെന്താ?.

‘ ഓഫ്‌സൈഡിലെ ദൈവത്തെ’ ഫ്രൈഞ്ചൈസികള്‍ തഴഞ്ഞത് നാലാം സീസണ്‍ കുട്ടിക്രിക്കറ്റ് ലേലത്തിലെ ശപിക്കപ്പെട്ട നിമിഷമായിരുന്നു. എന്നിട്ടും അവസാന തിരിവെട്ടമായി കൊച്ചി ടീം ദാദക്ക് വേണ്ടി കാത്തിരുന്നു. ഐ.പി.എല്‍ ഭരണ സമിതിയും ഇന്ത്യയുടെ ഈ പഴയ പടക്കുതിരക്ക് വേണ്ടി നിലപാട് മയപ്പെടുത്തി. എന്നാല്‍ ‘ തിന്നുകയുമില്ല, തീറ്റിക്കുകയുമില്ല’ എന്ന ചില ടീമുകളുടെ നിലപാട് മൂലം ദാദ ക്ലീന്‍ ബൗള്‍ഡ് ആവുകയായിരുന്നു.

‘പണത്തിന് മീതെ പരുന്തും പറക്കില്ലെന്ന’ ചൊല്ല് വാസ്തവമാവുകയാണുണ്ടായത്. നിലവില്‍ ഫോമിലുള്ള, കരുത്തും ചുറുചുറുക്കുമുള്ള യുവതാരങ്ങളെ മാത്രം ടീമുകള്‍ പണമെറിഞ്ഞ് സ്വന്തമാക്കി. മുടക്കുന്ന പണത്തിന് മികച്ച പ്രതിഫലം ആഗ്രഹിച്ചാണ് ബിസിനസ് മാഗ്നറ്റുകള്‍ ഐ.പി.എല്ലില്‍ കോടികളെറിയുന്നത്. ദാദയെ കൊല്‍ക്കൊത്ത ടീമിലെടുക്കുന്ന കാര്യത്തില്‍ ഷാരൂഖ് ഖാനും ഒരുപാട് മുതലക്കണ്ണീരൊഴുക്കി. ദാദയില്ലെങ്കില്‍ കൊല്‍ക്കൊത്ത ടീമില്ല എന്നുവരെ പറഞ്ഞു. എന്നിട്ടെന്താ?.

പ്രായമായി, ‘ ഓട്ട് ഓഫ് ഫോം’ ആകുമ്പോള്‍ താരങ്ങള്‍ കളി നിറുത്തുക സ്വാഭാവികമാണ്. പക്ഷെ ഗാംഗുലിയുടെ കാര്യത്തില്‍ അതല്ല സംഭവിച്ചത്. കളിക്കാന്‍ കലശലായ ആഗ്രഹമുണ്ടായിരുന്നിട്ടും ഒരു ടീമിനും വേണ്ടാതിരിക്കുക, എല്ലാവരാലും വെറുക്കപ്പെടുക-അങ്ങിനെ ഏറെ സങ്കടത്തോടെ ആരവങ്ങളൊഴിഞ്ഞ പവലിയനിലേക്ക് ദാദ മടങ്ങുകയാണ് ഇനിയൊരു തിരിച്ചുവരവില്ലെന്ന ധാരണയോടെ.