കൊല്‍ക്കത്ത: തന്റെ സ്വന്തം മൈതാനമായ ഈഡന്‍ ഗാര്‍ഡനില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ സൗരവ് ഗാംഗുലി അപമാനിക്കപ്പെട്ടു. ഗാംഗുലിയെ ഗ്രൗണ്ടില്‍ പ്രവേശിക്കുന്നത് ഒരു ഐ.സി.സി. ഭാരവാഹി തടയുകയായിരുന്നു.

മത്സരം തുടങ്ങുംമുന്‍പ് പിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാനായി ഗ്രൗണ്ടിലേയ്ക്ക് പോകുമ്പോഴാണ് ഗാംഗുലിയെ ഐ.സി.സി.യുടെ അഴിമതിവിരുദ്ധ യൂണിറ്റിലെ ധര്‍മേന്ദ്ര സിംഗ് യാദവ് തടഞ്ഞത്. ഗാംഗുലിയുടെ കൈയ്യില്‍ ഐഡന്റിറ്റി കാര്‍ഡ് ഉണ്ടായിരുന്നില്ല. ‘നിങ്ങള്‍ ആരാണ?’ എന്നായിരുന്നു യാദവിന്റെ ചോദ്യം. താന്‍ സൗരവ് ഗാംഗുലിയാണെന്നും പിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ പോവുകയാണെന്ന് പറഞ്ഞെങ്കിലും യാദവ് വിട്ടില്ല. തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ മാത്രമേ ഗ്രൗണ്ടിലേയ്ക്ക് കടത്തിവിടൂ എന്ന് യാദവ് ശഠിച്ചു. ഒടുവില്‍ കമന്ററി ബോക്‌സിലേക്ക് പോയി കാര്‍ഡുമായി വന്നപ്പോഴാണ് ഗാംഗുലിക്ക് ഗ്രൗണ്ടിലിറങ്ങാനായത്.

ആദ്യമായി ടി.വി. കമന്റേറ്ററുടെ വേഷമണിഞ്ഞെത്തിയ ബംഗാള്‍ കടുവയെ ഗ്രൗണ്ടില്‍ പ്രവേശിക്കുന്നത് തടഞ്ഞത് വിവാദമായിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് ഗാംഗുലി അഭിപ്രായപ്രകടനമൊന്നും നടത്തിയില്ല. എങ്കിലും പ്രശ്‌നം സംബന്ധിച്ച് ഗാംഗുലിയോട് സംസാരിക്കുമെന്ന് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.