എഡിറ്റര്‍
എഡിറ്റര്‍
സൗമിത്ര ചാറ്റര്‍ജിക്ക് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം
എഡിറ്റര്‍
Thursday 22nd March 2012 8:09am

]ന്യൂദല്‍ഹി: വിഖ്യാത ബംഗാളി നടന്‍ സൗമിത്ര ചാറ്റര്‍ജിയ്ക്ക് ഈ വര്‍ഷത്തെ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം. സത്യജിത് റേയുടെ ചിത്രങ്ങളിലൂടെ ലോകസിനിമയ്ക്ക് പരിചിതനായ നടനാണ് സൗമിത്ര ചാറ്റര്‍ജി.

ചലച്ചിത്രമേഖലയിലെ സമഗ്രസംഭാവനയ്ക്ക്  രാജ്യത്തെ നല്‍കുന്ന പരമോന്നത പുരസ്‌കാരമാണിത്. പ്രമുഖ സംവിധായകരായ സയിദ് മിര്‍സ, ശ്യാം ബെനഗല്‍, രമേഷ് സിപ്പി, ഛായാഗ്രാഹകന്‍ ബി.കെ.മൂര്‍ത്തി എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാര ജേതാവിനെ നിര്‍ണ്ണയിച്ചത്.

ഇന്ത്യയുടെ ഇതിഹാസ ചലച്ചിത്രകാരന്‍ സത്യജിത് റേയുടെ പതിനഞ്ച് സിനിമകളില്‍ നായകനായി സൗമിത്രാ ചാറ്റര്‍ജി ഉണ്ടായിരുന്നു. സിനിമയുടെ തിരക്കുകളില്‍ നിന്ന് അകന്നെങ്കിലും കൊല്‍ക്കത്തയിലെ വീട്ടില്‍ നാടകവും കവിതാരചനയും സാഹിത്യപ്രവര്‍ത്തനവുമായി സജീവമാണ് സൗമിത്ര.

സത്യജിത് റേയുടെ ചിത്രങ്ങള്‍ക്ക് പുറമേ മൃണാള്‍ സെന്‍, തപന്‍ സിന്‍ഹ തുടങ്ങി നിരവധി സംവിധായകരുടെ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുള്ള അദ്ദേഹം ബംഗാളിലെ കലാസാംസ്‌കാരിക മേഖലയിലെ അപൂര്‍വ്വ വ്യക്തിത്വങ്ങളിലൊന്നാണ്. ബംഗാളിലെ നാടകപ്രസ്ഥാനത്തിനും കവിയരങ്ങുകള്‍ക്കും മറക്കാനാകാത്ത സംഭാവനകള്‍ നല്‍കിയ കലാകാരനാണ് സൗമിത്ര.

മാര്‍ച്ച് 23 നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. ബംഗാളി സിനിമയിലെ ഏറ്റവും തലയെടുപ്പുള്ള നടനായാണ് സൗമിത്ര അറിയപ്പെടുന്നത്. നാടകരംഗത്തും സാഹിത്യരംഗത്തും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി കൂടിയാണ് അദ്ദേഹം.

Advertisement