ന്യൂദല്‍ഹി: സാമ്പത്തിക ക്രമക്കേടുകള്‍ ആരോപിക്കപ്പെട്ട കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സൗമിത്ര സെന്‍ രാജിവെച്ചു. രാജിക്കത്ത് രാഷ്ട്രപതിക്കും ലോക്‌സഭാ സ്പീക്കര്‍ക്കുമയച്ചു. സെന്നിനെതിരായ ഇംപീച്ച്‌മെന്റ് നടപടികള്‍ തുടരുന്നതിനിടെയാണ് രാജി.

സെന്നിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം ആഗസ്റ്റ് പതിനെട്ടിന് രാജ്യസഭ പാസാക്കിയിരുന്നു. തിങ്കളാഴ്ച ലോക്‌സഭ പ്രമേയം പരിഗണിക്കാനിരിക്കെയാണ ് രാജി. പശ്ചിമബംഗാളില്‍ അഭിഭാഷകനായിരിക്കെ രണ്ട് പൊതുമേഖലാ കമ്പനികളുടെ തര്‍ക്കത്തില്‍ കോടതിയുടെ നിര്‍ദേശപ്രകാരം റിസീവറായി ചുതമലയേറ്റ സൗമിത്ര സെന്‍ പണം തിരിമറി നടത്തിയന്നെ കേസിലാണ് പാര്‍ലിമെന്റില്‍ കുറ്റവിചാരണ നേരിടുന്നത്.

സെന്നിനെതിരെയുള്ള പ്രമേയം 17നെതിരെ 189 വോട്ടുകള്‍ക്കാണ് രാജ്യസഭ പാസ്സാക്കിയത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് സിറ്റിംഗ് ജഡ്ജിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണത്തെ തുടര്‍ന്ന രാജ്യസഭയില്‍ ഇംപീച്ചമെന്റ് പ്രമേയം പാസ്സാക്കുന്നത്. ലോക്‌സഭ കൂടി പരിഗണിച്ചാലെ ഇംപീച്ച്‌മെന്റ് നടപടികള്‍ പൂര്‍ത്തിയാവൂ. ലോക്‌സഭയും പ്രമേയം അംഗീകരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കവെയാണ് സെന്നിന്റെ രാജി.