റിയാദ്: ബ്ലാക്ക്‌ബെറി മൊബൈല്‍ കമ്പനിക്കും സേവനങ്ങള്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന നിരോധനം സൗദി അറേബ്യ പിന്‍വലിച്ചു. ദേശസുരക്ഷയുമായി ബന്ധപ്പെട്ട് സൗദി മുന്നോട്ടുവെച്ച് ചില നിര്‍ദ്ദേശങ്ങള്‍ പാലിക്കാമെന്ന ഉറപ്പുലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിരോധനം നീക്കിയിരിക്കുന്നത്.

ബ്ലാക്ക്‌ബെറിയുടെ മെസ്സേജിംഗ് അടക്കമുള്ള സേവനങ്ങള്‍ നിരീക്ഷിക്കാന്‍ കഴിയുന്ന ഒരുസംവിധാനം തയ്യാറാക്കാനും കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സൗദി വിവര സാങ്കേതിക കമ്മീഷന്‍ ഇ-മെയില്‍ മുഖാന്തിരമാണ് കമ്പനിയെ ഇത് അറിയിച്ചിരിക്കുന്നത്.

യു എ ഇയിലും സൗദി അറേബ്യയിലും 1.2 മില്യണ്‍ ആളുകള്‍ ബ്ലാക്ക്‌ബെറിയുടെ സേവനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയില്‍ ഇത് 1.1 മില്യണും ഇന്തോനേഷ്യയില്‍ 1.2 മില്യണുമാണ്. ലോകത്തിലാകമാനം 40 മില്യണ്‍ ആളുകള്‍ ബ്ലാക്ക്‌ബെറി ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്.