റിയാദ്: ഈജിപ്റ്റില്‍ ആരംഭിച്ച് ടുണീഷ്യയിലും യെമനിലും ലിബിയയിലും കത്തുന്ന ജനാധിപത്യപ്രക്ഷോഭങ്ങള്‍ സൗദിഅറേബ്യയിലേക്കും പടരുന്നതായി റിപ്പോര്‍ട്ട്. സൗദിയിലെ ഖതീഫ് നഗരത്തില്‍ പ്രകടനം നടത്തിയ പ്രക്ഷോഭകാരികളെ പിരിച്ചുവിടാനായി പോലീസ് നടത്തിയവെടിവെപ്പില്‍ നാലിലധികം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

വിചാരണകൂടാതെ ജയിലിലടച്ചവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രക്ഷോഭകര്‍ പ്രകടനം നടത്തിയത്. തുടര്‍ന്ന് പിരിഞ്ഞുപോകാതിരുന്ന പ്രകടനക്കാര്‍ക്കുനേരെ ആദ്യം ലാത്തിച്ചാര്‍ജ് പ്രയോഗിക്കുകയും പിന്നീട് വെടിവെയ്ക്കുകയുമായിരുന്നു. ഷിയാവിഭാഗമാണ് പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ട്.

തലസ്ഥാനമായ റിയാദില്‍ പോലീസ് സന്നാഹം ശക്തമാക്കിയിട്ടുണ്ട്. നേരത്തേ സൗദിയുടെ തെക്കന്‍ ഭാഗമായ അല്‍-അഷയിലേക്ക് ആയിരക്കണക്കിന് പേര്‍ പ്രകടനം നടത്തിയിരുന്നു. എന്നാല്‍ അക്രമസംഭവങ്ങളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൂടുതല്‍ ജനാധിപത്യഅവകാശങ്ങള്‍ വേണമെന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭം നടക്കുന്നത്.

അതിനിടെ കുവൈറ്റിലും ബഹറിനിലും പ്രക്ഷോഭം വീണ്ടും ആരംഭിച്ചിട്ടുണ്ട്. തലസ്ഥാനമായ കുവൈറ്റ് സിറ്റിയില്‍ വെള്ളിയാഴ്ച്ച നടന്ന പ്രകടനത്തിന് നേരെ പോലീസ് ഷെല്ലാക്രമണം നടത്തിയെന്ന് വാര്‍ത്തയുണ്ട്. എന്നാല്‍ പ്രധാന എണ്ണകയറ്റുതി രാഷ്ട്രമായ സൗദിയിലെ പ്രക്ഷോഭങ്ങള്‍ അന്താരാഷ്ട്രവിപണിയിലെ എണ്ണവിലയെ കാര്യമായി ബാധിക്കുമെന്ന് ആശങ്കയുണ്ട്.

കുവൈത്തില്‍ പ്രതിപക്ഷ പ്രതിഷേധം

കുവൈത്ത്: പ്രധാനമന്ത്രിയുടെ രാജിയും രാഷ്ട്രീയസ്വാതന്ത്ര്യവും ആവശ്യപ്പെട്ട് പാര്‍ലമെന്റിനു മുന്നില്‍ പ്രതിപക്ഷം ഇന്നലെ പ്രതിഷേധയോഗം നടത്തി. ഇത് രണ്ടാംദിവസമാണ് പ്രതിപക്ഷം പ്രതിഷേധവുമായി എത്തുന്നത്.

പശ്ചിമ ഏഷ്യയിലെ സംഭവവികാസങ്ങളുടെ പശ്ചാത്താലത്തിലാണ് കുവൈത്തിലും ഭരണമാറ്റം ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തുവന്നിരിക്കുന്നത്. കഴിഞ്ഞദിവസം, കുവൈത്തിലെ യുവാക്കളുടെ സംഘടനയായ ഫിഫ്ത് ഫെന്‍സ് സര്‍ക്കാര്‍വിരുദ്ധറാലി സംഘടിപ്പിച്ചിരുന്നു. പ്രതിപക്ഷ എം പിമാരുടെ പിന്തുണയോടെയായിരുന്നു റാലി. റാലിയില്‍ 500ഓളം പേര്‍ പങ്കെടുത്തിരുന്നു.

രാഷ്ട്രീയ സ്വാതന്ത്ര്യത്തിനൊപ്പം പുതിയ പ്രധാനമന്ത്രിക്ക് കീഴില്‍ അഴിമതിരഹിതവും കാര്യപ്രാപ്തിയുള്ളതുമായ പുതിയ സര്‍ക്കാര്‍ കുവൈത്തില്‍ രൂപവത്കരിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. എന്നാല്‍, മറ്റു രാജ്യങ്ങളിലെ പോലെ ജനപിന്തുണ നേടിയെടുക്കാന്‍ കുവൈത്തിലെ പ്രതിഷേധക്കാര്‍ക്ക് കഴിഞ്ഞിട്ടില്ല.