എഡിറ്റര്‍
എഡിറ്റര്‍
‘ശ്രീ’ പരാമര്‍ശത്തിന് മാപ്പ്; ഫണ്ട് കുടുംബശ്രീക്ക് തന്നെ: ജയറാം രമേശ്
എഡിറ്റര്‍
Thursday 29th November 2012 3:14pm

ന്യൂദല്‍ഹി: കോണ്‍ഗ്രസ് വക്താവ് എം.എം ഹസ്സനോട്  ജനശ്രീ പരാമര്‍ശത്തിന് കേന്ദ്ര ഗ്രാമ വികസന മന്ത്രി ജയറാം രമേശ് ക്ഷമ ചോദിച്ചു.

തമാശ രൂപേണയായിരുന്നു തന്റെ പരാമര്‍ശമെന്നും ഇത് ഹസ്സനെ വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നുമാണ് ജയറാം രമേശ് പറഞ്ഞത്. ജനശ്രീയുടെ ചുമതലയുള്ള എം.എം ഹസന് അയച്ച ഇ-മെയില്‍ സന്ദേശത്തിലാണ് ജയറാം രമേശ് ക്ഷമാപണം നടത്തിയത്.

Ads By Google

പേരില്‍ ‘ശ്രീ’യുള്ള എല്ലാ സംഘടനകള്‍ക്കും ഫണ്ട് നല്‍കാനാകില്ലെന്നായിരുന്നു ജയറാം രമേശിന്റെ പരാമര്‍ശം.

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ടായിരുന്നു ജയറാം രമേശിന്റെ ഈ പരാമര്‍ശം. തൊഴിലുറപ്പിന്റെ ഫണ്ട് ജനശ്രീക്ക് നല്‍കാനാവില്ലെന്നും കുടുംബശ്രീക്ക് പകരം മറ്റ് സംഘടനകള്‍ക്ക് ഫണ്ട് നല്‍കാനാവില്ലെന്നും ജയറാം രമേശ് പറഞ്ഞു. ജനശ്രീക്ക് തന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും ജയറാം രമേശ് പറഞ്ഞു.

സി.പി.ഐ.എമ്മിന്റെ വിമര്‍ശനങ്ങള്‍ നിരവധി തവണ ഏറ്റുവാങ്ങേണ്ടി വന്നയാളാണ് താനെന്നും ജയറാം രമേശ് ഇ-മെയിലില്‍ പറയുന്നു.

ജയറാം രമേശിന്റെ പരാമര്‍ശത്തിനെതിരെ സംസ്ഥാന ഗ്രാമ വികസന മന്ത്രി കെ.സി ജോസഫും പ്രതികരിച്ചിരുന്നു. കേരളത്തിലെ യു.ഡി.എഫ് മന്ത്രിമാര്‍ ജയറാം രമേശിന്റെ കുടികിടപ്പുകാരല്ലെന്നും അദ്ദേഹത്തെ ആരാണ് നയിക്കുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സംസ്ഥാനത്ത് 40,000 ത്തോളം സ്വയംസഹായ സംഘങ്ങളുണ്ട്. ഇവര്‍ക്കൊക്കെ ഫണ്ട് ലഭിച്ചാല്‍ ഗുണകരമാകും. റോഡരികിലെ പുല്ലുവെട്ടിയാല്‍ വികസനം സാധ്യമാകില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

Advertisement