ന്യൂദല്‍ഹി: സൂര്യനെല്ലി കേസില്‍ പെണ്‍കുട്ടിക്ക് ഹൈക്കോടതിയെ സമീപിക്കാമെന്ന് നിയമോപദേശം. മുതിര്‍ന്ന  അഭിഭാഷകന്‍ ചന്ദര്‍ ഉദയ് സിങ്ങിന്റേതാണ് ഉപദേശം. കേസില്‍ നേരിട്ട് സുപ്രീം കോടതിയെ സമീപിക്കേണ്ടെന്നും ഉപദേശത്തില്‍ പറയുന്നു.

കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിക്കുക. എം.എം മണിയുടെ കേസില്‍ പുനരന്വേഷണം നടത്തിയ കീഴ്‌വഴക്കം സൂര്യനെല്ലി കേസിലും ബാധകമാണെന്നും നിയമോപദേശത്തില്‍ പറയുന്നു.

Ads By Google

കോടതി വിധിപറഞ്ഞ കേസില്‍ തുടരന്വേഷണം സാധ്യമല്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നേരത്തേ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

പെണ്‍കുട്ടി പറഞ്ഞ കാര്യങ്ങളെല്ലാം കോടതി നേരത്തെ പരിശോധിച്ചതാണ്. തുടരന്വേഷണത്തിന് സാധ്യതയില്ലെന്ന് അറിയാവുന്നതുകൊണ്ടാണ് ഇടതുസര്‍ക്കാര്‍ അതിന് തയ്യാറാകാതിരുന്നതെന്നുംതിരുവഞ്ചൂര്‍ പറഞ്ഞു.

കേസില്‍ കുര്യനെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയപ്പോള്‍ ഇന്നത്തെ അച്യുതാനന്ദന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയും ആയിരുന്നു. അന്ന് മൗനം പാലിച്ച ഇവര്‍ എന്താണ് ഇപ്പോള്‍ നടപടിയെടുക്കാന്‍ പറയുന്നതിലെ ഔചിത്യം മനസ്സിലാകുന്നില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞിരുന്നു.

സൂര്യനെല്ലി കേസില്‍ ജനങ്ങള്‍ പറയുന്നത് പോലെ ചെയ്യാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രിയും രാവിലെ വ്യക്തമാക്കിയിരുന്നു.

സൂര്യനെല്ലി കേസില്‍ അന്വേഷണം നടന്നത് ശരിയായ വഴിക്കായിരുന്നില്ലെന്ന് അന്വേഷണ സംഘാംഗമായിരുന്ന ജോഷ്വ വെളിപ്പെടുത്തിയിരുന്നു. കേസില്‍ പി.ജെ കുര്യന് അനുകൂലമായി ഒരു സാക്ഷി മൊഴിമാത്രമാണ് ഉണ്ടായിരുന്നത്.

അതേസമയം, കുര്യനെ കുമളിയിലെ ഗസ്റ്റ്ഹൗസില്‍ കണ്ടതായുള്ള ദൃക്‌സാക്ഷികളുടെ മൊഴി പരിഗണിക്കുകയും ചെയ്തിരുന്നില്ല.