എഡിറ്റര്‍
എഡിറ്റര്‍
സൂര്യനെല്ലി: തന്റെ മൊഴി മാറ്റി രേഖപ്പെടുത്തിയെന്ന് ബി.ജെ.പി നേതാവ് കെ.എസ് രാജന്‍
എഡിറ്റര്‍
Friday 8th February 2013 2:40pm

കോഴിക്കോട്: സൂര്യനെല്ലി കേസില്‍ താന്‍ നല്‍കിയ മൊഴി മാറ്റി രേഖപ്പെടുത്തിയെന്ന് കേസിലെ പ്രധാന സാക്ഷി കെ.എസ് രാജന്‍. കേസില്‍ താന്‍ നല്‍കിയ മൊഴി അന്വേഷണ ഉദ്യോഗസ്ഥനായ സിബി മാത്യൂസ് തെറ്റായി രേഖപ്പെടുത്തിയെന്നാണ് രാജന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

Ads By Google

കോഴിക്കോട് പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാജന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. സംഭവദിവസം വൈകിട്ട് അഞ്ചിന് തിരുവല്ലയില്‍ ഇടിക്കുളയുടെ വീട്ടില്‍ പി.ജെ കുര്യന്‍ ഇറങ്ങുന്നതാണ് താന്‍ കണ്ടതെന്നാണ് രാജന്‍ പറയുന്നത്.

ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ ഇക്കാര്യം തന്നെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ സിബി മാത്യൂസിനോട് പറഞ്ഞത്. എന്നാല്‍ താന്‍ രാത്രി ഏഴിന് കുര്യനെ കണ്ടെന്നാണ് സിബി മാത്യൂസ് രേഖപ്പെടുത്തിയത്.

പിന്നീട് കേസിലെ വിധി വന്നപ്പോഴാണ് തന്റെ മൊഴി തെറ്റായി രേഖപ്പെടുത്തിയകാര്യം ശ്രദ്ധയില്‍ പെട്ടതെന്നും അദ്ദേഹം പറഞ്ഞു. തന്റെ മൊഴി മാറ്റി രേഖപ്പെടുത്തുകയും അനാവശ്യവിവാദങ്ങളിലേക്ക് തന്നെ വലിച്ചിഴക്കുകയും ചെയ്ത സിബി മാത്യൂസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും രാജന്‍ പറഞ്ഞു.

കേസില്‍നിന്ന് കുര്യനെ ഒഴിവാക്കാന്‍ എല്‍.ഡി.എഫ്, യു.ഡി.എഫ് സര്‍ക്കാരുകള്‍ ശ്രമിച്ചുവെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി മുരളീധരനും ആരോപിച്ചു.

നേരത്തേ രാജന്‍ കുര്യന് അനുകൂലമായി നല്‍കിയ മൊഴി തിരുത്തിയിരുന്നു. കുര്യനെ കണ്ടത് വൈകിട്ട് അഞ്ച് മണിക്കാണെന്നും സംഭവം ദിവസം തന്നെയാണോ കണ്ടതെന്ന് ഓര്‍മയില്ലെന്നുമായിരുന്നു നേരത്തേ രാജന്‍ പറഞ്ഞത്.

എന്നാല്‍ രാജന്റെ മൊഴി രേഖപ്പെടുത്തിയത് താനല്ലെന്ന വാദവുമായി സിബി മാത്യൂസും രംഗത്തെത്തിയിട്ടുണ്ട്. താന്‍ രാജന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും പിന്നെങ്ങനെ മൊഴി മാറ്റുമെന്നും സിബി മാത്യൂസ് ചോദിക്കുന്നു.

Advertisement