തിരുവനന്തപുരം: സൂര്യനെല്ലി കേസില്‍ തുടരന്വേഷണം വേണ്ടെന്ന് സര്‍ക്കാരിന് നിയമോപദേശം. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ആസഫ് അലിയാണ് സര്‍ക്കാരിന് ഉപദേശം നല്‍കിയത്.

Ads By Google

സൂര്യനെല്ലി കേസില്‍ കുര്യന്റെ പങ്കുമായി ബന്ധപ്പെട്ട് തുടരന്വേഷണത്തിന് യാതൊരു പ്രസക്തിയുമില്ലെന്നാണ് നിയമോപദേശം. പോലീസിന്റെ ഒരു അന്വേഷണത്തിലും കുര്യനെ പ്രതിയാക്കാനുള്ള തെളിവ് ലഭിച്ചിട്ടില്ലെന്നും ഇക്കാര്യം സുപ്രീം കോടതി ശരിവെച്ചതാണെന്നും ആസഫ് അലി പറയുന്നു.

കുര്യനെതിരെ പെണ്‍കുട്ടി ഉന്നയിക്കുന്ന ആരോപണമല്ലാതെ ഇപ്പോള്‍ ഇതുവരേയും പുതിയ തെളിവുകള്‍ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍, തുടരന്വേഷണം വേണമെന്ന വാദത്തിന് പ്രസക്തിയൊന്നുമില്ലെന്നും നിയമോപദേശത്തില്‍ പറയുന്നു.

പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ഈ ആവശ്യം ഉന്നയിച്ച് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കത്ത് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് തുടരന്വേഷണ സാധ്യത സംബന്ധിച്ച് നിയമോപദേശം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ആഭ്യന്തര വകുപ്പിന് ലഭിച്ച നിയമോപദേശ റിപ്പോര്‍ട്ട് നിയമ വകുപ്പിന് കൈമാറിയിട്ടുണ്ട്. നിയമ സെക്രട്ടറിയുടെ അഭിപ്രായം കൂടി കേട്ടശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു.

സൂര്യനെല്ലിക്കേസിലെ 34 പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കിയതോടെയാണ് വീണ്ടും വിവാദമുണ്ടായത്. സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് 17 വര്‍ഷം മുമ്പ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മൊഴിനല്‍കിയ പല സാക്ഷികളും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് തങ്ങളുടെ മൊഴിമാറ്റിപ്പറയുകയും ചെയ്തത് വിവാദത്തിനിടയാക്കി.

സൂര്യനെല്ലി കേസില്‍ പുതുതായി ഉണ്ടായ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യസഭ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്റെ പങ്ക് അന്വേഷണ വിധേയമാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭാ നടപടികള്‍ തടസ്സപ്പെടുത്തുകയാണ്.