എഡിറ്റര്‍
എഡിറ്റര്‍
സൂര്യനെല്ലി കേസ്: രണ്ടാഴ്ച്ചക്കകം പരിഗണിക്കണമെന്ന് സുപ്രീം കോടതി
എഡിറ്റര്‍
Thursday 3rd January 2013 1:26pm

ന്യൂദല്‍ഹി: സൂര്യനെല്ലി കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകുന്നതിനെതിരെ സൂപ്രീം കോടതി. കേസ് രണ്ടാഴ്ച്ചക്കകം പരിഗണിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.

ഇത്തരം കേസുകള്‍ അനന്തമായി നീട്ടിക്കൊണ്ടുപോകുന്നത് ശരിയല്ല. ഒരാഴ്ച്ചക്കകം വാദം കേള്‍ക്കാനുള്ള തീയതി തീരുമാനിക്കും. എട്ട് വര്‍ഷമായി അപ്പീല്‍ പരിഗണിക്കാത്തതില്‍ ചീഫ് ജസ്റ്റീസ് അല്‍ത്തമാസ് കബീര്‍ അതൃപ്തിയും രേഖപ്പെടുത്തി.

Ads By Google

സര്‍ക്കാരിന്റെ അപ്പീലില്‍ കക്ഷി ചേരാന്‍ ജനാധിപത്യ മഹിളാ അസോസിയേഷനെ അനുവദിച്ചിരുന്നു. എന്നാല്‍ എട്ടു വര്‍ഷം കഴിഞ്ഞിട്ടും തുടര്‍നടപടികള്‍ ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഇന്നു കേസിന്റെ കാര്യം ചീഫ് ജസ്റ്റിസിന്റെ കോടതിയില്‍ പരാമര്‍ശിക്കാന്‍ അഭിഭാഷകര്‍ തീരുമാനിക്കുകയായിരുന്നു.

കേസ് പരിഗണിക്കുന്നത് മൂന്നു മാസത്തേക്ക് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിന്റെ പുതിയ നിര്‍ദേശം. പ്രധാന അഭിഭാഷകന് ഹൃദയസംബന്ധമായ അസുഖമായതിനാല്‍ കേസ് നീട്ടിവയ്ക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം.

കേസില്‍ ഒരാളൊഴികെ എല്ലാ പ്രതികളെയും വെറുതേവിട്ട ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ 2005 നവംബര്‍ 11നാണ് സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചത്. കേസില്‍ സര്‍ക്കാരിന്റെ അപ്പീല്‍ പരിഗണിക്കുന്നത് വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട്  പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ കോടതിയെ സമീപിച്ചിരുന്നു.

1996 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 40 ദിവസത്തോളം പീഡിപ്പിച്ച കേസില്‍ 35 പ്രതികളാണുണ്ടായിരുന്നത്. പ്രധാനപ്രതി ധര്‍മരാജന് വിചാരണ കോടതി ജീവപര്യന്തം തടവ് വിധിച്ചെങ്കിലും ഹൈക്കോടതി അത് അഞ്ചു വര്‍ഷമായി ചുരുക്കുകയായിരുന്നു.

Advertisement