എഡിറ്റര്‍
എഡിറ്റര്‍
സൂര്യനെല്ലി: ബഹളത്തെ തുടര്‍ന്ന് സഭ പിരിഞ്ഞു, ജനം പറയുന്നതുപോലെ ചെയ്യാനാകില്ലെന്ന് മുഖ്യമന്ത്രി
എഡിറ്റര്‍
Monday 4th February 2013 11:46am

തിരുവനന്തപുരം: സൂര്യനെല്ലി കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ പിരിഞ്ഞു.

സൂര്യനെല്ലിക്കേസില്‍ പി.ജെ.കുര്യനെതിരെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രസ്താവനയെ തുടര്‍ന്നായിരുന്നു പ്രതിപക്ഷ ബഹളം.

Ads By Google

സുപ്രീം കോടതി തള്ളിയ ഒരു കേസില്‍ പുനരന്വേഷണത്തിന് നിലവിലെ നിയമവ്യവസ്ഥ അനുസരിച്ച് വകുപ്പില്ലെന്നായിരുന്ന തിരുവഞ്ചൂരിന്റെ പ്രസ്താവന.

ഇക്കാര്യം ഇടതു സര്‍ക്കാരിനും അറിയാമെന്നും അതാണു മുന്‍ ഇടതു സര്‍ക്കാരുകള്‍ പുനരന്വേഷണത്തിന് ശ്രമിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ന്ന് വനിതാ എംഎല്‍എമാര്‍ നടുത്തളത്തിലിറങ്ങി ബഹളം വച്ചു. പ്ലക്കാഡുകള്‍ ഉയര്‍ത്തി സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം. ബഹളം രൂക്ഷമായതിനെ തുടര്‍ന്ന് സ്പീക്കര്‍ സഭ നിര്‍ത്തി വയ്ക്കുകയായിരുന്നു.

സൂര്യനെല്ലി കേസില്‍ ജനം പറയുന്നതു പോലെ ചെയ്യാനാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സഭയില്‍ പറഞ്ഞു. കുറ്റം ചെയ്യാത്തവരെ ക്രൂശിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയനോട്ടീസിന് മറുപടി പറയവേ മുഖ്യമന്ത്രി പറഞ്ഞു. അനഘ കേസിലും കവിയൂര്‍ പീഡനക്കേസിലും ജനം പറയുന്നതുപോലെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കില്ല.

കുറ്റവാളികളാണെങ്കില്‍ അവര്‍ ശിക്ഷിക്കപ്പെടും. നിയമം നിയമത്തിന്റെ വഴിക്കു പോകും കുറ്റവാളികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാകില്ലെന്നും  മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം സൂര്യനെല്ലി കേസില്‍ തുടരന്വേഷണ ആവശ്യത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാരുമായി സന്ധിയില്ലെന്നും കേസ് പുനരന്വേഷിച്ചേ തീരൂ എന്നും വി.എസ് വ്യക്തമാക്കി.

Advertisement