തൊടുപുഴ: മകന്റെ കൂട്ടുകാര്‍ അച്ഛനെ മര്‍ദ്ദിച്ചവശാനാക്കിയശേഷം അമ്മയെ മാനഭംഗപ്പെടുത്തിയതായി പരാതി. ഇടുക്കി മുരിക്കാശേരിയിലാണ് സംഭവം. മര്‍ദ്ദനത്തിനിരയായ ദമ്പതികള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

അതിനിടെ, സംഭവത്തെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയിട്ടും അവര്‍ നടപടികളൊന്നും എടുത്തില്ലെന്ന് ദമ്പതികള്‍ ആരോപിച്ചു. പോലീസിന്റെ അലംഭാവത്തിന് പിന്നീല്‍ രാഷ്ട്രീയ ഇടപെടലാണെന്നും ഇവര്‍ പറയുന്നു.

വിഷു ദിനത്തിലാണ് സംഭവം നടന്നത്. 23ഉം 28ഉം വയസുള്ള രണ്ട് ആണ്‍മക്കളാണ് വീട്ടമ്മയ്ക്കുള്ളത്. വിഷുദിനത്തില്‍ ഇവരുടെ കൂട്ടുകാര്‍ വീട്ടിലെത്തിയിരുന്നു. വിഷു സദ്യയെ ചൊല്ലി തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് കൂട്ടുകാരെ വീട്ടില്‍ നിന്ന് ഇറക്കിവിടേണ്ട സാഹചര്യം വരെ ഉണ്ടായി. എന്നാല്‍ രാത്രി ഇവര്‍ വീണ്ടും വീട്ടിലെത്തി ഭര്‍ത്താവിനെ മര്‍ദ്ദിച്ചവശാനിക്കിയശേഷം തന്നെ പീഡിപ്പിക്കുകയായിരുന്നെന്ന് വീട്ടമ്മ പറയുന്നു.

വീടിനടുത്തുള്ള നാല് പേരാണ് സംഭവത്തിന് പിന്നില്‍. ഇവര്‍ മദ്യപിച്ചിരുന്നതായും പരാതിയില്‍ പറയുന്നു.

പരാതി നല്‍കി അഞ്ചു ദിവസമായിട്ടും പൊലീസ് കേസെടുത്തില്ലെന്നതാണ് ഇവരുടെ ആരോപണം. എന്നാല്‍ വീടാക്രമിച്ചുവെന്ന് മാത്രമാണ് തങ്ങള്‍ക്ക് ലഭിച്ച പരാതിയില്‍ പറയുന്നതെന്ന് മുരിക്കാശേരി എസ്.ഐ സണ്ണി  പറഞ്ഞു. മാനഭംഗപ്പെടുത്തിയതായി പരാതിയില്‍ പറഞ്ഞിട്ടില്ല. പോലീസ് ഇതിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും കുറ്റക്കാരെ ഉടന്‍ അറസ്റ്റു ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.