എഡിറ്റര്‍
എഡിറ്റര്‍
സോണിയയും മായാവതിയുമില്ലാതെ പ്രതിപക്ഷ ഐക്യറാലിയുമായി ലാലുപ്രസാദ് യാദവ്
എഡിറ്റര്‍
Wednesday 23rd August 2017 10:50pm

പാട്‌ന: ‘ബി.ജെപിയെ ഓടിക്കൂ, രാജ്യത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യവുമായി ആര്‍ ജെി ഡി നേതാവ് ലാലുപ്രസാദ് യാദവ് സംഘടിപ്പിക്കുന്ന റാലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ബിഎസ്പി നേതാവ് മായാവതിയും പങ്കെടുക്കില്ല.
ഓഗസ്റ്റ് 27ന് പട്‌നയിലെ ഗാന്ധി മൈതാനിയിലാണ് റാലി.

ബി.ജെ.പിക്കെതിരെ പ്രതിപക്ഷ ഐക്യം ഉയര്‍ത്തിയാണ് ലാലു റാലി സംഘടിപ്പിച്ചിരിക്കുന്നത്. എന്നാല്‍ പ്രതിപക്ഷത്തെ പ്രബലരായ രണ്ട് നേതാക്കളുടെ അഭാവം റാലിയ്ക്ക് മങ്ങലേല്‍പ്പിക്കും.

സോണിയക്ക് പകരം കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി ഗുലാംനബി ആസാദും, മായാവതിക്ക് പകരം ബിഎസ്പിയെ പ്രതിനിധീകരിച്ച് ജനറല്‍ സെക്രട്ടറി സതീഷ് ചന്ദ്രയും പങ്കെടുക്കുമെന്ന് ലാലു അറിയിച്ചു.


Also Read: ‘ഒരു ബാബറി മസ്ജിദ് പൊളിക്കുന്ന ശബ്ദമല്ലേ ആ കേട്ടത്’; അര്‍ത്തുങ്കല്‍ പള്ളിയ്‌ക്കെതിരെ വ്യാജ പ്രചരണവുമായെത്തിയ മോഹന്‍ദാസിന് രശ്മി നായരുടെ മറുപടി


തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയും ജെഡിയു വിമത നേതാവ് ശരത് യാദവും റാലിയിലുണ്ടാകും. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഉരുത്തിരിഞ്ഞ പ്രതിപക്ഷ കൂട്ടായ്മ ശക്തിപ്പെടുത്തി 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയ്‌ക്കെതിരെ സഖ്യം രൂപീകരിക്കാനാണ് റാലിയിലൂടെ ലാലുപ്രസാദ് ലക്ഷ്യമിടുന്നത്.

അതേസമയം ബീഹാറിലെ വെള്ളപ്പൊക്കം കണക്കിലെടുത്ത് റാലി മാറ്റിവെക്കണമെന്ന ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിയുടെ നിര്‍ദേശം ലാലു തള്ളി. കൊട്ടിഘോഷിച്ച് നടത്തിയ 600 കോടി രൂപയുടെ വെള്ളപ്പൊക്ക നിവാരണ പദ്ധതിയെക്കുറിച്ച് വിശദീകരിക്കാന്‍ സുശീല്‍കുമാര്‍ മോദി തയ്യാറാകണമെന്ന് ലാലു പറഞ്ഞു. തന്റെ റാലി നീട്ടിവച്ചാല്‍ ബിഹാറിലെ പ്രളയം അവസാനിക്കുമോ എന്നും ലാലു മോദിയോട് ചോദിച്ചു.

അഴിമതി ആരോപണത്തില്‍ വീണുകിടക്കുന്ന ലാലു പ്രസാദ് യാദവിനൊപ്പം റാലിയില്‍ നേരിട്ട് പങ്കെടുത്താല്‍ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍ക്കുമെന്ന ധാരണയിലാണ് സോണിയയും രാഹുലും റാലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.

Advertisement