തിരുവനന്തപുരം:കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ സോണിയാഗാന്ധിയെ ചുമതലപ്പെടുത്തി. ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗത്തില്‍ ഇതു സംബന്ധിച്ച പ്രമേയം പാസാക്കി. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല കൊണ്ടുവന്ന പ്രമേയത്തെ ഉമ്മന്‍ചാണ്ടി പിന്തുണച്ചു.

നേതാവിനെ പാര്‍ലമെന്ററിയോഗത്തില്‍ എം.എല്‍.എ മാര്‍ ഏകകണ്‌ഠേന തെരഞ്ഞെടുത്തുവെങ്കിലും തീരുമാനം ദേശീയ നേതൃത്വത്തിനു വിടുകയായിരുന്നു. പ്രമേയം സംബന്ധിച്ച് ഓരോ എം.എല്‍.എയുടെയും അഭിപ്രായം ഹൈക്കമാന്റ് ആരായും.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയുടെ പേര് പരാമര്‍ശിക്കപ്പെട്ടിരുന്നു. മന്ത്രിസഭയിലേക്ക് താനില്ലെന്നും നിലവിലുള്ള സ്ഥാനത്തുതുടരാനാണ് ആഗ്രഹിക്കുന്നതെന്നുമുള്ള ചെന്നിത്തലയുടെ അറിയിപ്പ് ഉമ്മന്‍ചാണ്ടിക്ക് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള വഴിതുറന്നുകൊടുത്തു.

മന്ത്രിസഭയിലേക്കില്ല
യു.ഡി.എഫ് മന്ത്രി സഭ സ്ഥാനമേറ്റെടുക്കുമ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയായിരിക്കുമെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു മത്സരമില്ലെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തിലെ മാധ്യമങ്ങള്‍ തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്ന ഒരാളായി ചിത്രീകരിക്കുകയായിരുന്നെന്നും അതെല്ലാം തെറ്റാണെന്നും ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഏകകണ്ഠമായി തിരഞ്ഞെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.