ന്യൂദല്‍ഹി: യു പി എ ഭരണത്തില്‍ വിഖ്യാതമായ സോണിയ- മന്‍മോഹന്‍ ഐക്യത്തിന് ആദ്യമായി ഉലച്ചില്‍. വിവരാവകാശ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ടാണ് ആറു വര്‍ഷം നീണ്ട യു പി എ ഭരണ കാലത്ത് ആദ്യമായി ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉടലെടുത്തത്.

വിവരാവകാശ നിയമ ഭേദഗതി ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ സോണിയ നിലപാടെടുത്തതാണ് അഭിപ്രായ വ്യത്യാസത്തിന് ഇടയാക്കിയത്. രണ്ട് മാസം മുമ്പാണ് സോണിയ തന്റെ ആവശ്യമുന്നയിച്ച് മന്‍മോഹന് കത്തെഴുതിയത്. എന്നാല്‍ ഇതിനുള്ള മറുപടിയായി ഭേദഗതി ഒഴിവാക്കാനാകില്ലെന്ന് മന്‍മോഹന്‍ കത്ത് മുഖേന സോണിയയെ അറിയിച്ചിരിക്കയാണ്.

നിയമം ഭേദഗതി ചെയ്യുകയല്ല, ശരിയായി നടപ്പാക്കുകയാണ് വേണ്ടതെന്ന് കാണിച്ചാണ് സോണിയാഗാന്ധി മന്‍മോഹന് കത്തെഴുതിയത്. എന്നാല്‍ ഭേദഗതി ഒഴിവാക്കാനാകില്ലെന്ന് കാരണങ്ങള്‍ നിരത്തി മന്‍മോഹന്‍ മറുപടി നല്‍കുകയായിരുന്നു.

പ്രധാനമായും മൂന്ന് കാര്യങ്ങളാണ് വിവരാവകാശ നിയമത്തില്‍ ഭേദഗതി ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. കമ്മീഷന്‍ നിയമ പരിധിയില്‍ നിന്ന് സുപ്രീം കോടതിയെ ഒഴിവാക്കുക, അനാവശ്യമായ അപേക്ഷകള്‍ ഒഴിവാക്കുക, പൊതു ജനത്തിന് മുന്നില്‍ കാര്യങ്ങള്‍ പെരുപ്പിച്ച് കാണിക്കാതിരിക്കുക എന്നി കാര്യങ്ങളാണ് ഭേദഗതിയിലൂടെ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. ഇക്കാര്യങ്ങള്‍ നടപ്പാക്കേണ്ട ആവശ്യകതയാണ് മന്‍മോഹന്‍ കത്തില്‍ വിവരിച്ചിട്ടുള്ളത്.

വിവരാവകാശ നിയമം രാഷ്ട്രീയ ഉദ്യോഗസ്ഥ നേതൃത്വത്തിന് തലവേദന സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് നിയമം നടപ്പാക്കിയ യു പി എ സര്‍ക്കാര്‍ തന്നെ അതില്‍ നിന്ന് പിറകോട്ട് പോകുന്നത്. ഭേദഗതി നടപ്പാകുന്നതോടെ നിയമത്തിന്റെ നട്ടെല്ലൊടിയുമെന്നാണ് കരുതപ്പെടുന്നത്.

വിവരാവകാശ നിയമം