കൊച്ചി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തിയ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി എ.കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തി. എറണാകുളം ഗസ്റ്റ് ഹൗസില്‍ രാവിലെയാണ് കൂടിക്കാഴ്ച നടന്നത്.

പതിനഞ്ച് മിനിറ്റോളം നീണ്ട ചര്‍ച്ചയില്‍ പ്രചാരണ പുരോഗതിയെ കുറിച്ചും വിജയസാധ്യതകളെ കുറിച്ചുമായിരുന്നു സംസാരിച്ചതെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്രമന്ത്രി പ്രഫ.കെ.വി തോമസ്, പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, മുതിര്‍ന്ന നേതാവ് എ.സി ജോസ്, ഡിസിസി പ്രസിഡന്റ് വി.ജെ പൗലോസ് തുടങ്ങിയവര്‍ ഗസ്റ്റ് ഹൗസില്‍ എത്തിയിരുന്നു. ഹരിപ്പാട് സംഘടിപ്പിച്ചിട്ടുള്ള തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ പങ്കെടുക്കാനായി 10.05 ന് നേവല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് സോണിയ ഹെലികോപ്റ്ററില്‍ യാത്രതിരിച്ചു.

ഇതിനുശേഷം 11.30 തൃശൂരില്‍ നടക്കുന്ന സമ്മേളത്തില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 2.30യ്ക്ക് കോഴിക്കോട് വെസ്റ്റ് ഹില്‍ വിക്രം മൈതാനിയില്‍ എത്തിച്ചേരുന്ന സോണിയാഗാന്ധി അവിടെനിന്ന് റോഡ്മാര്‍ഗം ഇ.എം.എസ് സ്‌റ്റേഡിയത്തിലെ സമ്മേളന വേദിയിലെത്തും. വൈകിട്ട് 3ന് സ്‌റ്റേഡിയത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് സമ്മേളനത്തില്‍ പ്രസംഗിച്ച ശേഷം ദല്‍ഹിക്ക് മടങ്ങും.