ബംഗ്ലൂര്‍: കര്‍ണാടകയിലെ വരള്‍ച്ച ബാധിച്ച പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ സന്ദര്‍ശനം പ്രഹസനമാണെന്ന ആക്ഷേപം ശക്തമാകുന്നു. മിക്ക പ്രദേശങ്ങളിലും മിനിറ്റുകള്‍ മാത്രമാണ് സോണിയ ചിലവിട്ടത്. സോണിയയെ കണ്ട് പരാതി പറയാനായെത്തിയ നൂറുകണക്കിനാളുകളില്‍ ചുരുക്കം ചിലര്‍ക്ക് മാത്രമാണ് അവരെ ഒന്ന് കാണാനെങ്കിലുമായത്.

ഏറ്റവും രൂക്ഷമായി വരള്‍ച്ച ബാധിച്ച നാഗസമുദ്രയെന്ന ഗ്രാമത്തില്‍ സോണിയ ചിലവിട്ടത് വെറും പതിനഞ്ച് മിനിറ്റ് രാവിലെ 9.40ന് സ്ഥലത്തെത്തിയ അവര്‍ പ്രദേശത്തെ പ്രധാന ജലസ്രോതസായിരുന്ന വറ്റി വരണ്ട നാഗസമുദ്ര ടാങ്ക് സന്ദര്‍ശിച്ച് ഗ്രാമീണരോടൊപ്പം ചെലിവിട്ടത് മൂന്ന് മിനിറ്റ്. ഗ്രാമീണരുടെ പരാതികള്‍ക്കെല്ലാം തലയാട്ടുകയും കാണാനെത്തിയവരില്‍ നിന്ന് നിവേദനങ്ങള്‍ സ്വീകരിച്ചതിനുശേഷം സംസ്ഥാനത്തെ പ്രബല  സമുദായമായ ലിങ്കായത്ത് വിഭാഗത്തിന്റെ ആത്മീയ കേന്ദ്രമായ സിദ്ധ ഗംഗ മഠത്തിലേക്കാണ് സോണിയ പോയത്. വീണ്ടും ഗ്രാമത്തിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷ അവിടെ ചിലവിട്ടത് ഏതാണ്ട് 12 മിനിറ്റോളം.

കടബാധ്യത എഴുതി തള്ളുന്നതുള്‍പ്പെടെ നിരവധി ആവശ്യങ്ങളാണ് സോണിയയോട് ഗ്രാമീണര്‍ക്ക് പറയാനുണ്ടായിരുന്നത്. കുടിവെള്ളം കിട്ടാനില്ലെന്നും മാലിന്യം കലര്‍ന്ന വെള്ളം ലഭിക്കുന്നതിന് പരിഹാരമുണ്ടാക്കണമെന്നും ചിലര്‍ ആവശ്യപ്പെട്ടു. ആദ്യം സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുകയെന്നായിരുന്നു പ്രതികരണം.

Malayalam News

Kerala News in English