ന്യൂദല്‍ഹി: യു പി എ അധ്യക്ഷ സോണിയാഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി ദല്‍ഹി ഹൈക്കോടതി തള്ളി. പത്രപ്രവര്‍ത്തകന്‍ പി രാജന്‍ നല്‍കിയ ഹരജിയാണ് തള്ളിയത്. ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായുള്ള ബഞ്ച് ഹര്‍ജിക്കാരനില്‍ നിന്ന് കോടതി ചെലവിലേക്കായി 10,000 രൂപ ഈടാക്കാനും ഉത്തരവിട്ടു.

ഇന്ത്യന്‍ പൗരയായി തുടരവെ ബെല്‍ജിയം സര്‍ക്കാറിന്റെ ‘ഓര്‍ഡര്‍ ഓഫ് ലിയോപോള്‍ഡ്’ പദവി സോണിയ സ്വീകരിച്ചതിനെതിരെയായിരുന്നു ഗരജി. പദവി സ്വീകരിച്ചതിലൂടെ സോണിയാഗാന്ധി ബെല്‍ജിയത്തോട് കൂറ് പുലര്‍ത്തിയതായി ഹരജിക്കാരന്‍ ആരോപിച്ചു. ഇത് ഇന്ത്യന്‍ ഭരണഘടനക്ക് എതിരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Subscribe Us:

ഇതേവിഷയം ചൂണ്ടിക്കാട്ടി പി രാജന്‍ കേന്ദ്ര തിരഞ്ഞെടുപ്പുകമ്മീഷനെ സമീപിച്ചിരുന്നു. എന്നാല്‍ കമ്മീഷന്‍ പരാതി തള്ളി. തുടര്‍ന്നാണ് ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. ഇതേ ആവശ്യം ഉന്നയിച്ച് ജനതാ പാര്‍ട്ടി പ്രസിഡന്റ് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ ഹര്‍ജി ഡിസംബര്‍ 16 ന് ദല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു.