ന്യൂദല്‍ഹി: 2G സ്‌പെക്ട്രം വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി കമ്മറ്റി അന്വേഷണം ആവശ്യമില്ലെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി ആവര്‍ത്തിച്ച് വ്യക്തമാക്കി. കോണ്‍ഗ്രസ് പാര്‍ലമെന്ററി കമ്മറ്റിയോഗത്തില്‍ സംസാരിക്കുകയായിരുന്നു സോണിയാ ഗാന്ധി.

രണ്ടാം തലമുറ സ്‌പെക്ട്രം വിവാദവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെ നിലപാട് നേരത്തേ വ്യക്തമാക്കിയതാണ്. വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി കമ്മറ്റി അന്വേഷണം ആവശ്യമില്ല. നിലവില്‍ ടെലികോ ം മന്ത്രാലയവും സി വി സിയും അന്വേഷണം നടത്തുന്നുണ്ടെന്നും സോണിയാ ഗാന്ധി പറഞ്ഞു.

അഴിമതിയെക്കുറിച്ച് സംസാരിക്കാന്‍ ബി ജെ പി ക്ക് അവകാശമില്ലെന്നും പ്രധാനമന്ത്രിക്ക് പാര്‍ട്ടിയുടെ ശക്തമായ പിന്തുണയുണ്ടെന്ന് സോണിയാഗാന്ധി പറഞ്ഞു. അതിനിടെ പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം ഇന്ന് അവസാനിക്കും. 2G വിഷയത്തില്‍ പ്രതിപക്ഷവും ഭരണപക്ഷവും കാണിച്ച പിടിവാശിമൂലം കോടികളാണ് നഷ്ടമായത്.

വിത്തുബില്‍, വിദ്യാഭ്യാസ ട്രിബ്യൂണല്‍ ബില്‍, തൊഴിലിടങ്ങളിലെ പീഡന നിരോധന നിയമം, ശത്രുസ്വത്ത് നിയമം, ഭൂമി ഏറ്റെടുക്കലിനുള്ള ഭേദഗതി ബില്‍ എന്നിവയാണ് ഈ സമ്മേളനകാലയളവില്‍ പാര്‍ലമെന്റ് പാസാക്കിയത്.