ന്യൂദല്‍ഹി: അഴിമതി പൂര്‍ണമായും തുടച്ചുനീക്കാന്‍ യു പി എ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി. കോണ്‍ഗ്രസ് പ്ലീനറി യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സോണിയാ ഗാന്ധി.

സമൂഹത്തിലെ ദൂര്‍ബ്ബലവിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തയ്യാറാകണം. വിവധ സംസ്ഥാനങ്ങളിലെ പാര്‍ട്ടിപ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന വിഷയങ്ങളില്‍ കേന്ദ്രമന്ത്രിമാര്‍ വേണ്ടരീതിയില്‍ ഇടപെടല്‍ നടത്തുന്നില്ലെന്ന കാര്യം വാസ്തവമാണെന്നും സോണിയാ ഗാന്ധി പറഞ്ഞു.

നേരത്തേ സംഘടനാ തിരഞ്ഞെടുപ്പ് അഞ്ചുവര്‍ഷം കൂടുമ്പോള്‍ മാത്രമാക്കാന്‍ പ്ലീനറി സമ്മേളനം തീരുമാനിച്ചിരുന്നു. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുടേയും മറ്റ് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടേയും കാലാവധി മൂന്നുവര്‍ഷത്തില്‍ നിന്നും അഞ്ചുവര്‍ഷമാക്കി ഉയര്‍ത്തിയിട്ടുണ്ട്.

പാര്‍ട്ടിയുടെ അംഗത്വഫീസ് ഉയര്‍ത്താന്‍ തീരുമാനമായി. എ ഐ സി സി യോഗം വര്‍ഷത്തില്‍ രണ്ടുതവണ എന്നുള്ളത് ഒരുതവണയെങ്കിലും ചേരണം എന്നും തീരുമാനമെടുത്തു. ഇത് സംബന്ധിച്ച ഭരണഘടനാഭേദഗതികള്‍ പ്ലീനറിസമ്മേളനം അംഗീകരിച്ചു.