ന്യൂദല്‍ഹി: യു.എസില്‍ ശസ്ത്രക്രിയക്ക് വിധേയയായ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നാളെ പുലര്‍ച്ചെ രാജ്യത്ത് തിരിച്ചെത്തുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. സോണിയയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും അവര്‍ അറിയിച്ചു.

സോണിയയ്‌ക്കൊപ്പമുണ്ടായിരുന്ന മകന്‍ രാഹുല്‍ ഗാന്ധി ഇന്നലെ രാജ്യത്ത് തിരിച്ചെത്തിയിരുന്നു. അതേസമയം തിരിച്ചെത്തിയാലും സോണിയക്ക് രണ്ടു മാസം കൂടി വിശ്രമം വേണ്ടിവരുമെന്നാണ് സൂചന.

ഇതുവരെ പുറത്തു പറഞ്ഞിട്ടില്ലാത്ത രോഗത്തിന്റെ ചികിത്സയ്ക്കായി യു.എസില്‍ പോയ സോണിയയ്ക്ക് ഓഗസ്റ്റ് നാലിനാണു ശസ്ത്രക്രിയ നടത്തിയത്. മകള്‍ പ്രിയങ്കയും സോണിയയ്‌ക്കൊപ്പം യു.എസിലുണ്ട്. യു.എസിലായിരുന്ന പ്രിയങ്ക പത്ത് ദിവസം മുന്‍പ് ദല്‍ഹിയില്‍ എത്തിയെങ്കിലും വീണ്ടും തിരിച്ചുപോവുകയായിരുന്നു.