ന്യൂദല്‍ഹി: യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി വീണ്ടും ചികിത്സക്കായി വിദേശത്തേക്ക് പോയി. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജനാര്‍ദനന്‍ ദ്വിവേദിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആറുമാസം മുമ്പ് നടന്ന ചികിത്സയുടെ തുടര്‍ച്ചയായാണ് ഇത്തവണയും പോയതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

നാലോ അഞ്ചോ ദിവസത്തിനുളളില്‍ സോണിയ തിരിച്ചെത്തുമെന്നും പതിവു പരിശോധനയാണിതെന്നും ആശങ്കപ്പെടാനില്ലെന്നും അദ്ദേഹം അറിയിച്ചു.

മാസങ്ങള്‍ക്കു മുമ്പ് സോണിയാ ഗാന്ധി വിദേശത്ത് ചികിത്സാര്‍ത്ഥം പോകുകയും ശസ്ത്രക്രിയക്ക് വിധേയയാകുകയും ചെയ്തിരുന്നു. 65 കാരിയായ സോണിയയുടെ ചികിത്സയെക്കുറിച്ചോ രോഗത്തെക്കുറിച്ചോ ഇതുവരെ പുറത്തു വിട്ടിട്ടില്ല. അന്നത്തെ ചികിത്സയുടെ തുടര്‍പരിശോധനകള്‍ക്കായാണ് ഇത്തവണ പോയതെന്നാണ് കരുതുന്നത്. എന്നാല്‍, സോണിയ ഏത് രാജ്യത്തേക്കാണ് പോയതെന്നോ ഏത് ഇന്‍സ്റ്റിറ്റിയൂട്ടിലാണ് പരിശോധനക്ക് വിധേയയാകുന്നതെന്നോ അറിയില്ല.

സോണിയയുടെ അസുഖത്തെക്കുറിച്ച് പാര്‍ട്ടി വൃത്തങ്ങള്‍ക്കു പോലും അറിവില്ല. കഴിഞ്ഞ തവണ ചികിത്സക്കായി പോയപ്പോള്‍ രാഹുല്‍ ഗാന്ധിയും മറ്റ് മൂന്ന് മുതിര്‍ന്ന നേതാക്കളുമാണ് പാര്‍ട്ടി കാര്യങ്ങള്‍ നോക്കിയിരുന്നത്. ഇത്തവണ ആരെയും ചുമതല ഏല്‍പ്പിച്ചിട്ടില്ല. സോണിയ ഉടന്‍ തിരിച്ച് വരുമെന്നും അതിനാല്‍ അവരുടെ അഭാവത്തില്‍ മറ്റൊരാള്‍ക്ക് ചുമതല ഏല്‍പ്പിക്കേണ്ടതില്ലെന്നുമാണ് തീരുമാനമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

Malayalam news

Kerala news in English