ന്യൂദല്‍ഹി: യു.എസിലെ ചികിത്സയ്ക്കുശേഷം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ദല്‍ഹിയില്‍ തിരിച്ചെത്തി. സോണിയയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. ഇന്ന് രാവിലെ ദല്‍ഹിയില്‍ തിരിച്ചെത്തി സോണിയ 10 മണിയോടെ ജന്‍പഥിലെ വീട്ടിലെത്തി.

സോണിയയ്‌ക്കൊപ്പമുണ്ടായിരുന്ന മകന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞദിവസം രാജ്യത്ത് തിരിച്ചെത്തിയിരുന്നു. അതേസമയം തിരിച്ചെത്തിയാലും സോണിയക്ക് രണ്ടു മാസം കൂടി വിശ്രമം വേണ്ടിവരുമെന്നാണ് സൂചന.

ഇതുവരെ പുറത്തു പറഞ്ഞിട്ടില്ലാത്ത രോഗത്തിന്റെ ചികിത്സയ്ക്കായി യു.എസില്‍ പോയ സോണിയയ്ക്ക് ഓഗസ്റ്റ് നാലിനാണു ശസ്ത്രക്രിയ നടത്തിയത്. സോണിയ ക്യാന്‍സറിന് ചികിത്സ തേടുകയാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച യാതൊരു പ്രതികരണവും കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്നുണ്ടായിട്ടില്ല.

മകള്‍ പ്രിയങ്കയും സോണിയയ്‌ക്കൊപ്പം യു.എസിലായിരുന്നു. യു.എസിലായിരുന്ന പ്രിയങ്ക പത്ത് ദിവസം മുന്‍പ് ദല്‍ഹിയില്‍ എത്തിയെങ്കിലും വീണ്ടും തിരിച്ചുപോവുകയായിരുന്നു.