രാജ്‌കോട്ട്: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയ്‌ക്കെതിരെ ശക്തമായ ആരോപണം ഉന്നയിച്ച ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയ്‌ക്കെതിരെ ഒന്നും പറയാതെ കോണ്‍ഗ്രസിന്റെ ഗുജറാത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സോണിയ തുടക്കം കുറിച്ചു.

Ads By Google

Subscribe Us:

സോണിയ ഗാന്ധിയുടെ വിദേശ ചികിത്സ ചിലവിനായി 1800 രൂപ ഖജനാവില്‍ നിന്നും ചിലവാക്കിയെന്ന മോഡിയുടെ ആരോപണത്തെയാണ് ഇന്ന് സോണിയാ തന്റെ പ്രസംഗത്തിലൂടെ എതിര്‍ക്കാതിരുന്നത്.

കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാനെത്തിയ സോണിയ മോഡിയുടെ ആരോപണത്തിന് ശക്തമായ മറുപടി നല്‍കുമെന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്.

എന്നാല്‍ ഗുജറാത്ത് സര്‍ക്കാരിന്റെ നയങ്ങളെയും ബി.ജെ.പിയെയും വിമര്‍ശിച്ച സോണിയ, പെട്രോളിയം ഉത്പ്പന്നങ്ങളുടെ വിലവര്‍ധനയെയും വിദേശനിക്ഷേപം അനുവദിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തേയും ന്യായീകരിച്ചു.

കേന്ദ്രസര്‍ക്കാരും കോണ്‍ഗ്രസും ഗുജറാത്തിന്റെ വികസനത്തിനായി സ്വീകരിച്ച നടപടികള്‍ നിരത്തിയായിരുന്നു സൗരാഷ്ട്രയിലെ രാജ്‌കോട്ടില്‍ സോണിയയുടെ പ്രസംഗം തുടങ്ങിയത്. നെഹ്‌റുവാണ് ഗുജറാത്തിന്റെ വികസനത്തിന് തുടക്കമിട്ടതെന്ന് സോണിയഗാന്ധി പറഞ്ഞു.

ഒപ്പം നരേന്ദ്രമോഡി സര്‍ക്കാര്‍ ഗുജറാത്തിന്റെ വികസനത്തിനായി ചിലവഴിക്കുന്ന പണത്തിന്റെ 50ശതമാനവും കേന്ദ്രവിഹിതമാണെന്നും സോണിയ അവകാശപ്പെട്ടു. എന്നാല്‍ നരേന്ദ്രമോഡി ജനങ്ങളില്‍നിന്ന് ഇക്കര്യം മറച്ചുവയ്ക്കുകയാണ്.

പാര്‍ലമെന്റില്‍ ലോക്പാല്‍ ബില്‍ പാസാക്കാന്‍ തടസം നിന്നത് ബിജെപിയാണെന്നും സോണിയ ആരോപിച്ചു. രാജ്യന്തര വിപണിയില്‍ എണ്ണവില വര്‍ധിച്ചത് കൊണ്ടാണ് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധിപ്പിക്കേണ്ടിവന്നതെന്ന് ന്യായീകരണവും സോണിയ നടത്തി.

നരേന്ദ്രമോഡിയ്‌ക്കെതിരെ വ്യക്തിപരമായ പരാമര്‍ശം നടത്തിയില്ലെങ്കിലും വരും ദിവസങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുമെന്നതില്‍ സംശയം ഇല്ല.