ന്യൂദല്‍ഹി: സ്വദേശിവത്ക്കരണത്തിന്റെ ഭാഗമായി സൗദി അറേബ്യയില്‍നിന്ന് മടങ്ങിവരേണ്ടിവരുന്ന ഇന്ത്യക്കാരുടെ സാമൂഹ്യസുരക്ഷ ഉറപ്പാക്കാന്‍ ഇടപെടുമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി.

Ads By Google

സൗദിയില്‍ നിന്ന് തൊഴില്‍നഷ്ടപ്പെട്ട ഇന്ത്യക്കാര്‍കൂട്ടത്തോടെ മടങ്ങിയെത്തുന്നത് കേരളത്തിന്റേയും രാജ്യത്തിന്റെയും സമ്പദ് ഘടനയ്ക്ക് ദോഷം ചെയ്യുമെന്ന് അവര്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ സര്‍ക്കാരിന് ചെയ്യാവുന്നതെല്ലാം ചെയ്യുമെന്നും അവര്‍ പറഞ്ഞു. സൗദിയില്‍നിന്ന് തിരിച്ചയക്കപ്പെടുന്ന പ്രവാസികള്‍ക്കായി സാമൂഹ്യസുരക്ഷാ പദ്ധതി നടപ്പാക്കണമെന്ന് കേരളത്തില്‍ നിന്നും കത്ത് ലഭിച്ചിട്ടുണ്ടെന്നും അത് പരിഗണിക്കുമെന്നും അവര്‍ പറഞ്ഞു.

ഇക്കാര്യം പ്രധാനമന്ത്രിയുമായും വിദേശകാര്യമന്ത്രിയുമായും ചര്‍ച്ച നടത്തുമെന്നും സോണിയ പറഞ്ഞു.

സൗദിയില്‍ സ്വദേശിവല്‍ക്കരണ നിയമം നിതാഖത് പ്രാബല്യത്തില്‍ വന്നതോടെ 5.74 ലക്ഷം മലയാളികളുടെ തൊഴിലാണ് പ്രതിസന്ധിയിലായത്. സൗദി അറേബ്യയില്‍ 7 ലക്ഷം ചെറുകിട സ്ഥാപനങ്ങളില്‍ 84 ശതമാനവും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്.

ലൈസന്‍സുള്ള പതിനെട്ട് ലക്ഷം സ്ഥാപനമാണ് സൗദിയിലുള്ളത്. ഇതില്‍ ഏഴു ലക്ഷം ചെറുകിട സ്ഥാപനങ്ങളാണ് ഉള്ളത്.

ഇതില്‍84 ശതമാനം സ്ഥാപനങ്ങളും നിതാഖത്ത് നിയമം നടപ്പാക്കിയിട്ടില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കമ്പനികള്‍ക്കെതിരെ ശക്തമായ  നടപടികളാരംഭിച്ചിട്ടുണ്ടെന്നും ഇവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നല്‍കുകയോ, ഈ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഇഖാമ (താമസാനുമതി) പുതുക്കി നല്‍കുകയോ ചെയ്യില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

2011 നവംബറിലാണ് നിതാഖത്ത് നിയമം സൗദി സര്‍ക്കാര്‍ കൊണ്ടു വന്നത്. ഇത് പ്രകാരം  സ്ഥാപനങ്ങളില്‍ പത്തിലൊന്ന് ജീവനക്കാര്‍ സ്വദേശിയായിരിക്കണമെന്നാണ് നിബന്ധന .

നിതാഖത്ത് നടപ്പാക്കാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച സമയം മാര്‍ച്ച് 21 ന് അവസാനിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ നടപടികള്‍. ഈ നിയമപ്രകാരമുള്ള നടപടികള്‍ ശനിയാഴ്ച മുതല്‍ കര്‍ക്കശമായിരിക്കുമെന്നാണ് സൗദി അധികൃതര്‍ പറയുന്നത്.