ന്യൂദല്‍ഹി: യു.എസില്‍ ചികിത്സയില്‍ കഴിയുന്ന യു.പി.എ അധ്യക്ഷ സോണിയാഗാന്ധി ചൊവ്വാഴ്ച ഇന്ത്യയില്‍ മടങ്ങിയെത്തിയേക്കും. സോണിയ ചൊവ്വാഴ്ചയെത്തുമെന്നാണ് അവരുമായടുപ്പമുള്ള കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും ലഭിക്കുന്ന വിവരം.

ഈ മാസം ആദ്യ വാരത്തിലായിരുന്നു അമേരിക്കയില്‍ സോണിയ ശസ്ത്രക്രിയക്ക് വിധേയയായത്. ഗര്‍ഭാശയ കാന്‍സര്‍ എന്ന്് മാധ്യമങ്ങളിലൂടെ വാര്‍ത്ത പ്രചരിച്ചിരുന്നെങ്കിലും കോണ്‍ഗ്രസ്സ് ഈ വാര്‍ത്തയോട് പ്രതികരിച്ചിരുന്നില്ല.

ഹസാരെ സമരത്തില്‍ ഗവണ്‍മെന്റിനെ സഹായിക്കാന്‍ പോന്ന നീക്കങ്ങളൊന്നും സോണിയയുടെ തിരിച്ചു വരവ് കൊണ്ട് ഉണ്ടാകുകയില്ലെന്ന് കരുതപ്പെടുന്നു. ഇന്നലെ വൈകീട്ട് മുതല്‍ ഇന്ന് രാവിലെ വരെ സമരം ഒത്തു തീര്‍പ്പിലെത്തുന്ന വാര്‍ത്തകളായിരുന്നു നിറഞ്ഞ് നിന്നത്. ആവശ്യങ്ങള്‍ അംഗീകരിക്കാതെ അഴിമതിക്കെതിരെയുള്ള തന്റെ നിരാഹാര സമരം അവസാനിപ്പിക്കില്ലെന്ന് ഹസാരെ പറഞ്ഞതോടെ സമവായ ശ്രമങ്ങള്‍ ഫലവത്തായില്ലെന്ന് കരുതപ്പെടുന്നു. മൂന്ന് വിഷയങ്ങളിലാണ് ഇപ്പോള്‍ കേന്ദ്രവും ഹസാരെ ടീമും തര്‍ക്കം നിലനില്‍ക്കുന്നത്.