മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഗ്രാന്റ് മാസ്റ്റര്‍ എന്ന ചിത്രത്തില്‍ നിന്നും തമിഴക സുന്ദരി സോണിയ അഗര്‍വാള്‍ പിന്മാറുന്നു. ചിത്രത്തിന്റെ ഇഷ്ടമാകാത്തതിനാലാണ് പിന്മാറ്റമെന്നാണ് സോണിയ പറയുന്നത്. കഥാപാത്രത്തിന് വലിയ പ്രാധാന്യമില്ലെന്നും സോണിയ കുറ്റപ്പെടുത്തുന്നു.

മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം അഭിനയിക്കാന്‍ തനിയ്ക്ക് താല്‍പര്യമുണ്ടെന്ന് സോണിയ സമ്മതിച്ചു. പക്ഷേ ഇപ്പോള്‍ കിട്ടിയ അവസരത്തില്‍ തന്റെ കഥാപാത്രം അത്ര നല്ലതല്ലാത്തതാണ് പ്രശ്‌നമായതെന്നും അവര്‍ പറയുന്നു. മലയാളത്തില്‍ നിന്നും നല്ല കഥകള്‍ ഇപ്പോഴും പ്രതീക്ഷിക്കുന്നുണ്ടെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.

ഗ്രാന്റ് മാസ്റ്ററില്‍ രണ്ട് നായികമാരാണുള്ളത്. സോണിയാ അഗര്‍വാളിനെയും ആന്‍ഡ്രിയയെയുമാണ് നായികമാരായി നിശ്ചയിച്ചിരുന്നത്. സോണിയ പിന്മാറിയതോടെ പകരം ആളെ തേടി നടക്കുകയാണ് സംവിധായകന്‍.

ആന്‍ഡ്രിയയുടെ സാന്നിധ്യമാണ് സോണിയയുടെ പിന്മാറ്റ തീരുമാനത്തിന് പിന്നിലെന്നും പ്രചരണമുണ്ട്. സോണിയയും സെല്‍വരാഘവനും ബന്ധം വേര്‍പെടുത്താന്‍ കാരണം ആന്‍ഡ്രയയായിരുന്നു. സെല്‍വരാഘവന് ആന്‍ഡ്രിയയുമായി അടുപ്പമുണ്ടെന്ന് തമിഴകത്ത് പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും വിവാഹമോചനം നേടിയത്. എന്നാല്‍ ആന്‍ഡ്രിയ കാരണമാണ് തന്റെ പിന്മാറ്റമെന്ന റിപ്പോര്‍ട്ട് സോണിയ തള്ളികളഞ്ഞിട്ടുണ്ട്.