ന്യൂദല്‍ഹി: മാതാപിതാക്കളുടെ എതിര്‍പ്പ് വകവെക്കാതെയാണ് താന്‍ രാജീവ് ഗാന്ധിയെ വിവാഹം കഴിച്ചതെന്ന വിക്കിലീക്ക്‌സ് വെളിപ്പെടുത്തല്‍ സോണിയ ഗാന്ധി അംഗീകരിച്ചു. കാലിഫോര്‍ണിയ ഗവര്‍ണറുടെ ഭാര്യയോട് സോണിയ ഈ കാര്യം പറഞ്ഞെന്നാണ് വിക്കിലീക്ക്‌സ് പുറത്തുവിട്ട രേഖകളില്‍ പറഞ്ഞത്.

2006 ആഗ്‌സതില്‍ സോണിയാ ഗാന്ധി ഷ്രിവറുമായി നടത്തിയ സൗഹൃദസംഭാഷണത്തിലെ വിവരങ്ങളാണ് വിക്കിലീക്ക്‌സ് പുറത്തുവിട്ടത്. ഇന്ത്യയിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ഷ്രിവര്‍ സോണിയയുമായി കൂടിക്കാഴ്ച നടത്തിയത്.

രാജീവ് ഗാന്ധിയുമായുള്ള വിവാഹത്തെ സോണിയയുടെ ബന്ധുക്കള്‍ എതിര്‍ത്തിരുന്നു.എന്നാല്‍ അവരുടെ എതിര്‍പ്പ് അവഗണിച്ച് സോണിയ കല്ല്യാണം നടത്തുകയായിരുന്നുവെന്നാണ് വിക്കിലീക്‌സ് വെളിപ്പെടുത്തിയത്. 2006 ആഗസ്റ്റില്‍ ദല്‍ഹിയിലെ യു.എസ് എംബസി അയച്ച രേഖകളില്‍ പറയുന്നു. ഷ്രീവര്‍ ഔദ്യോഗിക സന്ദര്‍ശനത്തിന് ഇന്ത്യയില്‍ വന്നപ്പോഴാണ് സോണിയയെ കണ്ടത്. ഇരുവരും തമ്മിലുള്ള സംഭാഷണം ഷ്രിവറോടൊപ്പമുണ്ടായിരുന്ന യു.എസ് എംബസി ഉദ്യോഗസ്ഥര്‍ റെക്കാഡ് ചെയ്തു എന്നാണ് കരുതുന്നത്.

മാതാപിതാക്കളുടെ ഉപദേശം തള്ളിക്കൊണ്ടാണ് താന്‍ രാജീവിനെ വിവാഹം ചെയ്തതെന്നും സോണിയ ഷ്രിവറോട് പറഞ്ഞുവെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.
2004 ല്‍ പ്രധാനമന്ത്രി പദം ഏറ്റെടുക്കാത്തതിന് പിന്നിലെ സംഭവവികാസങ്ങളെപ്പറ്റി പിന്നീടെന്നെങ്കിലും ഒരു പുസ്തകമെഴുതുമെന്ന് സോണിയ പറഞ്ഞു.
ഇന്ത്യയില്‍ കോണ്‍ഗ്രസ് ദുര്‍ബലമാവുകയും ബി.ജെ.പി ശക്തമാവുകയും ചെയ്തപ്പോഴാണ് താന്‍ രാഷ്ട്രീയത്തില്‍ വന്നതെന്നും സോണിയ പറയുന്നു.