മുംബൈ: സ്വവര്‍ഗാനുരാഗത്തെക്കുറിച്ചുള്ള ശ്രീ ശ്രീ രവിശങ്കറിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് നടി സോനം കപൂര്‍. സ്വവര്‍ഗാനുരാഗം ജന്മനാ ഉണ്ടാകുന്നതാണെന്നും അത് മാറ്റാന്‍ കഴിയുന്നതാണ് എന്നു ആരെങ്കിലും പറയുന്നത് ശുദ്ധ മണ്ടത്തരമാണെന്നും സോനം വ്യക്തമാക്കി.

തന്റെ ട്വിറ്റര്‍ അക്കൗണ്ടിലായിരുന്നു താരത്തിന്റെ പ്രതികരണം. നേരത്തെ സ്വവര്‍ഗാനുരാഗം ശാരീരിക പ്രവണത മാത്രമാണെന്ന് ശ്രീ ശ്രീ രവിശങ്കര്‍ അഭിപ്രായപ്പെട്ടിരുന്നു. ജെ.എന്‍.യുവില്‍ നടന്ന പരിപാടിയില്‍ വിദ്യാര്‍ഥികളുമായി സംവദിക്കവേയാണ് രവിശങ്കര്‍ സ്വവര്‍ഗാനുരാഗത്തെക്കുറിച്ചുള്ള തന്റെ വീക്ഷണം വെളിവാക്കിയത്.


Also Read: സ്‌കൂള്‍ അധികൃതരുടെ അനാസ്ഥ; ശിശുദിനത്തില്‍ ഓടയില്‍ വീണ് രണ്ടരവയസുകാരന്‍ മരിച്ചു


തന്റെ ലൈംഗിക ആഭിമുഖ്യത്തെ സുഹൃത്തുക്കളും കുടുംബവും കൈകാര്യം ചെയ്യുന്ന രീതിയെ എങ്ങനെ കാണണമെന്നുള്ള ഒരു വിദ്യാര്‍ത്ഥിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

”സ്വവര്‍ഗാനുരാഗം ശാരീരിക പ്രവണത മാത്രമാണ്. അത് സ്വയം ഉള്‍ക്കൊള്ളുക. പതിയെ അത് മാറും. സ്വവര്‍ഗാനുരാഗിയായ നിരവധി യുവാക്കളെ എനിക്ക് അറിയാം. അവരില്‍ പലരും പിന്നീട് സാധാരണ യുവാക്കളെപ്പോലെയായി മാറിയെന്നും”.

എന്നാല്‍ സ്വവര്‍ഗാനുരാഗം ഒരു പ്രവണതയല്ലെന്ന് പറഞ്ഞായിരുന്നു സോനം കപൂര്‍ രംഗത്തെത്തിയത്. ഇരുവരെയും പിന്തുണച്ച് ട്വിറ്ററും വിഷയം ഏറ്റെടുത്തിട്ടുണ്ട്.