എഡിറ്റര്‍
എഡിറ്റര്‍
സീരിയലുകള്‍ കാണുന്നത് ലോക്ലാസ് പ്രേക്ഷകര്‍; സീരിയലുകളെ തള്ളിപ്പറഞ്ഞ് സോനാ നായര്‍
എഡിറ്റര്‍
Thursday 21st May 2015 10:12am

saona സംവിധായകന്മാരായ ലോഹിതദാസും സത്യന്‍ അന്തിക്കാടും തന്നോട് സീരിയലില്‍ അഭിനയിക്കരുതെന്ന് പറഞ്ഞിരുന്നെന്ന് നടി സോനാ നായര്‍. പക്ഷെ വരുമാനത്തിന്റെ കാര്യം മാത്രം നോക്കിയാണ് കുറേ സീരിയലുകള്‍ ചെയ്തതെന്നും അവര്‍ വ്യക്തമാക്കി

മംഗളത്തിനു നല്‍കിയ അഭിമുഖത്തിലാണ് സോന ഇങ്ങനെ പറഞ്ഞത്. തനിക്ക് ഇപ്പോള്‍ സീരിയല്‍ ശരിക്കും മടുത്തെന്നു വെളിപ്പെടുത്തിയ സോന ഇനി സീരിയലിലേക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

തന്നെപ്പോലെ പലര്‍ക്കും ഈ രംഗം ഉപേക്ഷിക്കാന്‍ താല്‍പര്യമുണ്ട്. പക്ഷേ വരുമാനം നോക്കി അവരും അതില്‍ കുടുങ്ങിക്കിടക്കുകയാണെന്നും സോന വ്യക്തമാക്കി.

സീരിയലുകളിലേക്കില്ലെന്നു വ്യക്തമാക്കിയ സോന സീരിയലുകളെ രൂക്ഷമായി വിമര്‍ശിക്കുന്നുമുണ്ട്.

‘രണ്ടു മണിക്കൂര്‍കൊണ്ട് സിനിമയില്‍ പറയാവുന്ന ഒരു വിഷയമായിരിക്കും രണ്ടു വര്‍ഷം കൊണ്ട് സീരിയലില്‍ പറയുന്നത്. സീരിയലില്‍ ദിവസവും നമ്മുടെ ഒരേ മുഖം തന്നെ കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകര്‍,തിയറ്ററില്‍ നമ്മുടെ ഒരു സിനിമ കാണാന്‍ പോയാല്‍ നമ്മള്‍ ചെയ്ത കഥാപാത്രത്തെ സ്വീകരിക്കില്ല. ‘ സോന പറയുന്നു.
‘മരുമകളെ കൊല്ലാന്‍ നടക്കുന്ന അമ്മായിയമ്മയും ഭര്‍ത്താവിനെ ഉപേക്ഷിച്ച് വിവാഹം കഴിച്ച മുറച്ചെറുക്കനെ തട്ടിയെടുക്കാന്‍ നടക്കുന്ന കഥാപാത്രങ്ങളും സമൂഹത്തിന് മോശം സന്ദേശമേ നല്‍കൂ.’

‘ചാനല്‍ റേറ്റിങ്ങ് കൂട്ടാന്‍ വേണ്ടി ചാനല്‍ മേധാവികളും സീരിയല്‍ സംവിധായകരും ചേര്‍ന്നു നടത്തുന്ന ഇത്തരം അണിയറപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണം. നെഗറ്റീവ് കഥകള്‍ നല്‍കിയാല്‍ പ്രേക്ഷകര്‍ കൂടും എന്നു ചിന്തിക്കുന്നത് ശുദ്ധ മണ്ടത്തരമാണ്.’

‘മലയാളം സീരിയലുകള്‍ക്കുള്ളത് ലോ ക്ലാസ് പ്രേക്ഷകരാണ്. ശരാശരി നിലവാരത്തിന് മുകളില്‍ ജീവിക്കുന്ന ആരും ഇത്തരം കെട്ടുകഥകള്‍ നിറഞ്ഞ സീരിയലുകള്‍ കാണാന്‍ മിനക്കെടാറില്ല. ആ സമയത്ത് വായന പോലുള്ള മറ്റ് ലോകങ്ങളില്‍ ചിലവഴിക്കാനാണ് അവര്‍ ഇഷ്ടപ്പെടുന്നത്.’ എന്നും സോന പറയുന്നു.

സീരിയലുകളില്‍ അഭിനയിക്കുമ്പോള്‍ സ്ഥിരം വരുമാനം ലഭിക്കും. എന്നാല്‍ അതിന്റെ ഇരട്ടിപ്പണി അവര്‍ എടുപ്പിക്കുന്നുണ്ടെന്നും താരം വ്യക്തമാക്കി.

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തിനു കാരണം പുരുഷാധിപത്യമാണെന്നും സോന അഭിപ്രായപ്പെടുന്നു. നമ്മുടെ സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം അവസാനിക്കണമെങ്കില്‍ പുരുഷാധിപത്യം തന്നെ ഇല്ലാതാകണം.

Advertisement