മൂവാറ്റുപുഴ: പ്രണയത്തിന് തടസം നില്‍ക്കുന്ന അമ്മയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യുവാവിന്റെ പരാതി. മൂവാറ്റുപുഴ പൊലീസിലാണ് 18കാരനായ യുവാവ് പരാതി നല്‍കിയത്.

Subscribe Us:

പ്രണയിക്കാന്‍ തടസം നില്‍ക്കുന്ന അമ്മയ്ക്കെതിരെ കേസെടുത്ത് ജയിലില്‍ അടയ്ക്കണമെന്നാണ് ആവശ്യം. പരാതിയുമായി സ്റ്റേഷനിലെത്തിയ യുവാവിനെ പൊലീസ് ഉപദേശിച്ച് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ തന്റെ പരാതിയില്‍ ഉറച്ചുനിന്ന ഇയാള്‍ അമ്മയ്‌ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു.


Also Read: ‘ഉയ്യോ… എന്തൊരു സിംപ്ലിസിറ്റി !!’; ഫോട്ടോഗ്രാഫറെയും കൂട്ടി ‘ഒറ്റയ്ക്ക്’ സൈക്കിള്‍ സവാരിക്കിറങ്ങിയ മോഹന്‍ലാലിനെ ട്രോളി സോഷ്യല്‍ മീഡിയ 


ഇതോടെ പൊലീസ് അമ്മയെയും പെണ്‍കുട്ടിയുടെ വീട്ടുകാരെയും സ്റ്റേഷനില്‍ വിളിച്ചു അനുരഞ്ജനത്തിനു ശ്രമിച്ചു. അമ്മയ്‌ക്കെതിരെ നടപടി വേണമെന്ന വാദത്തില്‍ യുവാവ് ഉറച്ചു നിന്നതോടെ മകനു നിര്‍ബന്ധമാണെങ്കില്‍ പ്രണയമാവാം എന്നായി അമ്മയുടെ നിലപാട്.

എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പ്രണയത്തെ എതിര്‍ത്തു. യുവാവും പെണ്‍കുട്ടിയുമായുള്ള വിവാഹം നടത്തി തരാന്‍ തയ്യാറാണെന്നും അതിനുശേഷം പ്രണയിച്ചാല്‍ മതിയെന്നുമായിരുന്നു വീട്ടുകാരുടെ നിലപാട്. എന്നാല്‍ ഇപ്പോള്‍ താന്‍ വിവാഹത്തിന് തയ്യാറല്ല എന്നായിരുന്നു യുവാവ് പറഞ്ഞത്.

തന്റെ നിലപാടില്‍ യുവാവ് ഉറച്ചു നില്‍ക്കുകയും ചെയ്തു. ഇതോടെ പൊലീസ് സ്വരം കടുപ്പിച്ചു. ഒടുക്കം ചെറുപ്പക്കാരന്‍ അമ്മയുടെ കൂടെ സ്റ്റേഷന്‍ വിട്ടു.