Categories

തങ്ങളെ ആക്രമിച്ചത് സോമനാഥ് ഭാരതിയുടെ നേതൃത്വത്തിലുള്ള സംഘം: ഉഗാണ്ട സ്വദേശിനി

somnad-barathi

ന്യൂദല്‍ഹി: ദല്‍ഹി നിയമമന്ത്രി സോംനാഥ് ഭാരതിക്കെതിരെ ഉഗാണ്ടന്‍ യുവതിയുടെ മൊഴി.

കഴിഞ്ഞ ആഴ്ച അര്‍ധരാത്രി നടത്തിയ റെയ്ഡിനിടെ വീട്ടില്‍ അതിക്രമിച്ച് കയറി അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തത് സോമനാഥ് ഭാരതിയുടെ നേതൃത്വത്തിലുള്ള സംഘമാണെന്ന് യുവതി മൊഴിയില്‍ പറയുന്നു.

മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയിലാണ് യുവതിയുടെ വെളിപ്പെടുത്തല്‍

ഞങ്ങള്‍ കറുത്തവരാണെന്നും രാജ്യം വിട്ടുപോകണമെന്നും അക്രമി സംഘം ആവശ്യപ്പെട്ടുവെന്നും പെണ്‍കുട്ടി മൊഴിയില്‍ പറഞ്ഞിട്ടുണ്ട്.

ഞങ്ങളെ അവരുടെ കൈയിലുണ്ടായിരുന്ന വടികൊണ്ട് അടിക്കുകയും അധിക്ഷേപിക്കുകയും  ചെയ്തു. രാജ്യം വിട്ടുപോയില്ലെങ്കില്‍ ഓരോരുത്തരെയായി കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.

പിറ്റേ ദിവസം ടി.വിയിലും ദിനപത്രങ്ങളിലും വന്ന ചിത്രം കണ്ടാണ് ഇദ്ദേഹത്തെ തരിച്ചറിഞ്ഞതെന്ന് പെണ്‍കുട്ടി പറഞ്ഞു.

പെണ്‍കുട്ടിക്ക് പുറമെ മറ്റൊരു സ്ത്രീയും സോമനാഥ് ഭാരതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഉഗാണ്ട സ്വദേശിനി ആദ്യംനല്‍കിയ പരാതിയില്‍ ഒരു സംഘം ആളുകള്‍ തങ്ങളുടെ വീട്ടില്‍ അതിക്രമിച്ചു കയറിയെന്നും തങ്ങളെ ആക്രമിച്ചെന്നുമായിരുന്നു പറഞ്ഞിരുന്നത്.

അന്ന് ഏതെങ്കിലും ആളുടെ പേരോ രാഷ്ട്രീയ പാര്‍ട്ടിയുടെ പേരോ പെണ്‍കുട്ടി പരാമര്‍ശിച്ചിരുന്നില്ല. തങ്ങള്‍ക്ക് ആരെയും തിരിച്ചറിയാനായില്ലെന്നായിരുന്നു ആദ്യം കുട്ടി കോടതിക്ക് നല്‍കിയ മൊഴി.

എന്നാല്‍ ഇപ്പോള്‍ സോംനാഥ് ഭാരതിയെ ഉഗാണ്ട സ്വദേശിനി തിരിച്ചറിഞ്ഞതോടെ കേസ് കൂടുതല്‍ ശക്തമാവാനാണ് സാധ്യത.

ആഫ്രിക്കന്‍ സംഘം പെണ്‍വാണിഭവും മയക്കുമരുന്ന് ഇടപാടും നടത്തുന്നതായി ആരോപിച്ചാണ് സോംനാഥ് ഭാരതിയും സംഘവും പോലീസിനെ കൂട്ടി റെയ്ഡിനെത്തിയത്.

എന്നാല്‍, അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് വിസമ്മതിച്ചുവെന്നാണ് മന്ത്രിയുടെ ആരോപണം. വാറന്റില്ലാതെ റെയ്ഡ് നടത്താനാവില്ലെന്ന നിലപാടായിരുന്നു പോലീസിനെന്നും അദ്ദേഹം പറയുന്നു.

സോംനാഥ് ഭാരതിയുടെ നടപടികള്‍ വിവാദമായതിനെത്തുടര്‍ന്ന് മന്ത്രിയെ പിന്തുണച്ചുകൊണ്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രംഗത്തെത്തിയിരുന്നു.

കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ധര്‍ണ നടത്തുകയും അത് സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തിരുന്നു.

പിന്നീട് പോലീസുകാരെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിക്കുകയും അന്വേഷണം പൂര്‍ത്തിയാകും വരെ ഇവര്‍ അവധിയില്‍ തുടരുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിക്കുകയായിരുന്നു.

ഇതിനെ തുടര്‍ന്നാണ് കെജ്‌രിവാളും സംഘവും കേന്ദ്രആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയുടെ വസതിക്ക് പുറത്ത് നടത്തിയിരുന്ന ധര്‍ണ പിന്‍വലിക്കാന്‍ തയ്യാറായത്.