ബാംഗ്ലൂര്‍: അവസാന പന്ത് സിക്‌സറിന് പറത്തി ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് ചാമ്പ്യന്‍സ് ലീഗിലെ സെമിയില്‍ കടന്നു. അരുണ്‍ കാര്‍ത്തികാണ് അവസാന പന്തില്‍ റോയല്‍ ചാലഞ്ചേഴ്‌സിന് ജീവശ്വാസം നല്‍കിയത്. 215 റണ്‍സ് വേണ്ടിയിരുന്ന റോയല്‍ ചാലഞ്ചേഴ്‌സിന് ജയിക്കാന്‍ അവസാന പന്തില്‍ വേണ്ടിയിരുന്നത് ആറു റണ്‍സായിരുന്നു.

70 റണ്‍സെടുത്ത വിരാട് കോലിയും (36 പന്തില്‍ നിന്ന്) 74 റണ്‍സെടുത്ത തിലകരത്‌നെ ദില്‍ഷനും(47 പന്തില്‍ നിന്ന്) മികച്ച അടിത്തറയാണ് ചാലഞ്ചേഴ്‌സിന് ഒരുക്കിയത്. ഓപ്പണിംഗ് ഗംഭീരമായെങ്കിലും തുടര്‍ന്നു വന്നവര്‍ക്ക് മികച്ച സ്‌കോര്‍ കണ്ടെത്താനായില്ല. ഇതാണ് മത്സരം അവസാനപന്തിലേയ്ക്ക് നീളാന്‍ ഇടയാക്കിയത്. സൗത്ത് ഓസ്‌ട്രേലിയക്കുവേണ്ടി ഷോണ്‍ ടെയ്റ്റ് 32 റണ്‍സിന് അഞ്ചു വിക്കറ്റെടുത്തു.

ഡാനിയല്‍ ഹാരിസിന്റെ സെഞ്ച്വറിയുടെ (108) ബലത്തിലാണ് സൗത്ത് ഓസ്‌ട്രേലിയ 214 റണ്‍സ് അടിച്ചെടുത്തത്. ഫെര്‍ഗൂസന്‍ 43 പന്തില്‍ നിന്ന് 70 റണ്‍സും എടുത്തിരുന്നു.