പോലീസിലെ സുപ്രധാന തസ്തികകളില്‍ നിന്ന് ദളിതരെ തഴയുന്നു: കൊടിക്കുന്നില്‍ സുരേഷ്
Kerala
പോലീസിലെ സുപ്രധാന തസ്തികകളില്‍ നിന്ന് ദളിതരെ തഴയുന്നു: കൊടിക്കുന്നില്‍ സുരേഷ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st May 2013, 8:27 pm

[]കൊല്ലം: സുപ്രധാന തസ്തികകളില്‍  പട്ടികജാതി പട്ടികവര്‍ഗ്ഗക്കാരായ പോലീസ് ഉദ്യാഗസ്ഥര്‍  എത്താതിരിക്കാന്‍ മനപ്പുര്‍വ്വം ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് കേന്ദ്ര തൊഴില്‍ വകുപ്പ് സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ്.

ദളിതര്‍ ഐ.പി.എസ് ഉള്‍പ്പെടെയുള്ള പ്രധാന സ്ഥാനങ്ങളിലേക്ക് എത്താനുള്ള വഴി തെളിഞ്ഞുവന്നാല്‍ അത് എങ്ങനെയും മുടക്കുകയാണ് ചിലര്‍ ചെയ്യുന്നതെന്നും മന്ത്രി ആരോപിച്ചു.[]

ഇത്തരത്തില്‍ ഉയര്‍ന്ന് വരുന്ന ഉദ്യോഗസ്ഥരെ പിന്നീട് ആ സ്ഥാനത്തേക്ക് എത്തിനോക്കാന്‍ പോലുമാകാത്ത വിധത്തില്‍ തകര്‍ക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ നിരവധി പരാതികള്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും കൊടിക്കുന്നേല്‍ സുരേഷ് വ്യക്തമാക്കി. ഇക്കാര്യം എ.ഡി.ജി.പിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.   കൊല്ലത്ത് പോലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാവിലെ ഇതേ വേദിയിലായിരുന്നു കലാഭവന്‍ മണിയുടെ  വിഷയം പരാമര്‍ശിച്ച്   എ.ഡി.ജി.പി ടി.പി സെന്‍കുമാറിന്റെ പ്രസ്താവന. കലാഭവന്‍ മണിയ്ക്ക് പകരം സൂപ്പര്‍സ്റ്റാറുകളായ മമ്മൂട്ടിയോ, മോഹന്‍ലാലോ, ജയറാമോ, ദിലീപോ ആയിരുന്നെങ്കില്‍ വനപാലകരുടെ സമീപനം വ്യത്യസ്തമാകുമായിരുന്നെന്ന് സെന്‍കുമാര്‍ പറഞ്ഞത്. വെള്ളക്കാരെ സല്യൂട്ട് ചെയ്യാനും കറുത്തവരെ ചവിട്ടി തേക്കാനുമുള്ള സമീപനം  ഇന്നും മാറിയിട്ടില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ കുറ്റപ്പെടുത്തിയിരുന്നു.