ന്യൂദല്‍ഹി: ബി.സി.സി.ഐയുടെ വരുമാനം വര്‍ഷതോറും വര്‍ദ്ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്. 2010-2011 സാമ്പത്തിക വര്‍ഷത്തില്‍ തന്നെ ബി.സി.സി.ഐയുടെ മൊത്തം വരുമാനം രണ്ടായിരം കോടിയിലധികമാണ്. ഇതില്‍ ഐ.പി.എല്‍ ഫ്രാഞ്ചെസികളില്‍ നിന്ന് മാത്രമായി ബി.സി.സി.ഐക്ക് ലഭിച്ചത് ഏകദേശം മുന്നൂറ് കോടിയോളം വരും.

ഓരോ സീസണ്‍ കഴിയുമ്പോഴും ഐപി എല്ലില്‍ നിന്നും ലഭിക്കുന്ന കോടികള്‍ പതിന്മടങ്ങ് വര്‍ദ്ധിക്കുന്നതായിട്ടാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പണമൊഴുകുന്ന ഐ.പി.എല്ലില്‍ നിന്ന് ലഭിക്കുന്ന കോടികളാല്‍ ബി.സി.സി.ഐയുടെ ഖജനാവ് നിറയുമ്പോഴും പലതാരങ്ങള്‍ക്കും കരാര്‍ പ്രകാരം നല്‍കേണ്ട തുക ഇനിയും നല്‍കിയിട്ടില്ല പോലും.

കളിക്കാര്‍ക്ക് പ്രതിഫലം ലഭിച്ചില്ലെന്ന പരാതിയുമായി താരങ്ങളുടെ സംഘടനയായ വേള്‍ഡ് പ്ലയേഴ്‌സ് യൂണിയനാണ് രംഗത്ത് വന്നിരിക്കുന്നത്. ആസ്‌ട്രേലിയയുടെ സൈമണ്‍ കാറ്റിച്ചിനും വെസ്റ്റ് ഇന്‍ഡീസിന്റെ രാംനരേഷ് സര്‍വ്വനുമാണ് പണം ലഭിക്കാത്തത്.

പ്രതിഫലത്തിനായി താരങ്ങള്‍ പലതവണ ശ്രമിച്ചുവെന്നും എന്നാല്‍ ഐ.പി.എല്‍ നേതൃത്വമോ ബി.സി.സി.ഐയോ ഇത് കേള്‍ക്കാത്ത ഭാവം നടിക്കുകയാണെന്നും പ്ലയേസ് യൂണിയന്‍ ചീഫ് എക്‌സിക്യുട്ടീവ് ടിം മെയ് ആരോപിച്ചു. ബോളിവുഡ് നായിക പ്രീതി സിന്റയുടെ ഉടമസ്ഥതയിലുള്ള പഞ്ചാബ് കിംഗ്‌സ് ഇലവന്‍ താരങ്ങളായിരുന്നു ഇരുവരും.